ബെംഗളൂരു: കാർഷിക വായ്പകൾ എഴുതിത്തള്ളാനുള്ള തീരുമാനം ബജറ്റിലുണ്ടാകും. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ജൂലായ് അഞ്ചിനാണ് സഖ്യ സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാൽ കർഷകരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളുമെന്ന പ്രഖ്യാപനമുണ്ടാകില്ലെന്നാണ് സൂചന. സാമ്പത്തിക ബാധ്യത മുന്നിൽക്കണ്ട് ഇതിന് നിയന്ത്രണം വേണമെന്നാണ് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ അഭിപ്രായമുയർന്നത്. 10,000 കോടിയുടെ കടാശ്വാസം നൽകാനാണ് ധാരണയിലെത്തിയത്.
കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടായ സാഹചര്യത്തിൽ ഈ നടപടി സഖ്യ സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് വേണ്ടതെന്നാണ് സിദ്ധരാമയ്യയുടെ വാദം. കഴിഞ്ഞ കോൺഗ്രസ് സർക്കാർ 50,000 രൂപയുടെ കടാശ്വാസം നൽകിയ സാഹചര്യത്തിൽ വീണ്ടും ഇതേ നടപടി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ബജറ്റ് അവതരിപ്പിക്കുന്നതിലും തർക്കം തുടരുകയാണ്. സിദ്ധരാമയ്യയും അനുയായികളും പുതിയ ബജറ്റ് ആവശ്യമില്ലെന്ന നിലപാടിലാണ്. ഇതേച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ഇതിനിടയിൽ കടാശ്വാസം നൽകണമെന്ന നിർദ്ദേശം കൂടി വന്നാൽ ഒരു വിഭാഗം കോൺഗ്രസ് എം. എൽ. എ.മാർ എതിർത്തേക്കുമെന്ന ആശങ്കയുണ്ട്. അവതരണത്തിന് മുമ്പ് കോൺഗ്രസിനുള്ളിൽ അഭിപ്രായ സമന്വയമുണ്ടായില്ലെങ്കിൽ ബജറ്റ് പാസാക്കുന്നതിലും പ്രതിസന്ധിയുണ്ടാകും. രണ്ടു ഘട്ടമായി വായ്പകൾ എഴുതി ത്തള്ളാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ അഞ്ച് ഏക്കർ കൃഷി സ്ഥലമുള്ള ചെറുകിട, ഇടത്തരം കർഷകരുടെ വായ്പയ്ക്കാണ് കടാശ്വാസം നൽകുന്നത്. ഇതിന് 10000 കോടി രൂപ വേണ്ടിവരും. കാർഷിക വായ്പകൾ പൂർണമായും എഴുതി ത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. ബാങ്ക് അധികൃതരുമായുള്ള ചർച്ചയിലും സാമ്പത്തിക ഭാരമാണ് ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനത്തെ 84 ലക്ഷം കർഷകർ വിവിധ ബാങ്കുകളിൽ നിന്നായി എടുത്തത് 1.21 ലക്ഷം കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്ത അഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ 45 ബാങ്കുകളാണ് വായ്പ നൽകിയത്. ഇതിൽ കാർഷിക വിളകൾക്കായി നൽകിയ വായ്പകൾ എഴുതി ത്തള്ളുമെന്നാണ് ജനതാദൾ എസ് വാഗ്ദാനം ചെയ്തത്. ഇതിനായി 53000 കോടി രൂപ വേണ്ടിവരും. 2017- ൽ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ സഹകരണ ബാങ്കുകൾ വഴിയുള്ള 50000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നു. ഇതിനായി 8165 കോടി രൂപയാണ് സർക്കാർ ചെലവിട്ടത്.
2002 മുഖ്യമന്ത്രിയായിരുന്ന എസ്. എം. കൃഷ്ണയാണ് സംസ്ഥാനത്ത് ആദ്യമായി കടാശ്വാസം നൽകിയത്. അന്ന് സഹകരണ ബാങ്കുകൾ വഴിയുള്ള വായ്പ എഴുതിത്തള്ളി. തുടർന്ന് 2007- ൽ ബി.ജെ.പി. ദൾ സഖ്യ സർക്കാർ 25000 രൂപയുടെയും പിന്നീട് മുഖ്യമന്ത്രി സിദ്ധരാമയ്യ 50000 രൂപവരെയുള്ള കാർഷിക കടം എഴുതിത്തള്ളി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.