ബെംഗളൂരു: മന്ത്രിസഭയിൽ ഇടംകിട്ടാത്തതിനെ ചൊല്ലിയുള്ള കോൺഗ്രസ് എംഎൽഎമാരുടെ അതൃപ്തി അവസാനിപ്പിക്കുന്നതു ലക്ഷ്യമിട്ടു രണ്ടാംഘട്ട മന്ത്രിസഭാവികസനം ഉടനുണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഇടപെട്ടുവെന്നാണു സൂചന. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കു പിന്നാലെ കോൺഗ്രസിലെ ലിംഗായത്ത് നേതാവ് എച്ച്.കെ പാട്ടീലും തിങ്കളാഴ്ച രാഹുലിനെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. കോൺഗ്രസിനു ബാക്കിയുള്ള ആറു മന്ത്രിസ്ഥാനങ്ങളിൽ നാലു ബർത്തുകൾ നിറയ്ക്കുന്നതിനു പുറമെ, ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കും കുറഞ്ഞത് 20 എംഎൽഎമാരെയെങ്കിലും നിയോഗിക്കാനാണു നീക്കം. അതേസമയം സംസ്ഥാനത്തുനിന്നുള്ള മറ്റു അതൃപ്ത നേതാക്കൾക്ക് രാഹുൽ സന്ദർശനാനുമതി നൽകിയില്ലെന്നും ആക്ഷേപമുണ്ട്.
മന്ത്രിസഭാ വികസന കാര്യത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ പരാതിയുന്നയിച്ച എച്ച്.കെ പാട്ടീൽ മുംബൈ കർണാടകയ്ക്കും ഹൈദരാബാദ് കർണാടകയ്ക്കും സഖ്യസർക്കാരിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് രാഹുലിന്റെ ശ്രദ്ധയിൽപെടുത്തി. സർക്കാർ രൂപീകരണത്തിൽ പ്രാദേശിക തുല്യത ഉറപ്പാക്കാൻ ശ്രമം നടന്നിട്ടില്ലെന്നും വൊക്കലിഗർക്ക് ഒൻപതു മന്ത്രിമാരെ ലഭിച്ചപ്പോൾ, ലിംഗായത്ത് വിഭാഗക്കാർക്കിടയിൽ നിന്നു നാലു പേർക്കാണ് അവസരം ലഭിച്ചത്. കോൺഗ്രസിനൊപ്പം എന്നും അടിയുറച്ചുനിന്ന നേതാക്കളെ തഴയുന്ന സാഹചര്യമാണുണ്ടായത്.
ബീദറിൽനിന്ന് നാലു കോൺഗ്രസ് എംഎൽഎമാർ വിജയിച്ചത് ഈശ്വർ ഖണ്ഡ്രെയുടെ ശ്രമഫലമായാണെന്നും എന്നാൽ അദ്ദേഹത്തിനു മന്ത്രിസ്ഥാനം നൽകാൻ പാർട്ടി തയാറായില്ലെന്നും എച്ച്.കെ. പാട്ടീൽ പരാതിപ്പെട്ടു. ഇതിനിടെ കോൺഗ്രസിലെ മറ്റൊരു അതൃപ്ത നേതാവായ സതീഷ് ജാർക്കിഹോളിക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ ഫ്രീഡം പാർക്കിൽ പ്രകടനം നടത്തി. ദൾ എംഎൽഎ എ.എച്ച്. വിശ്വനാഥ് കുമാരസ്വാമിയെ നേരിൽകണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
ശാന്തിനഗർ എം എൽ എ യും മലയാളിയുമായ എൻ എ ഹാരിസിനെ രണ്ടാം ഘട്ടത്തിൽ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.