മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട പരാമര്‍ശം: രാഹുൽഗാന്ധി നാളെ കോടതിയിൽ

മുംബൈ: മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ നടത്തിയ പരാമശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ്‌ കുണ്ടേ നല്‍കിയ പരാതിയാണ് നാളെ ഭീവണ്ടി കോടതി പരിഗണിക്കുന്നത്. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ്സുകാരാണെന്ന് പ്രസംഗിച്ചതിനാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

2016 നവംബറിൽ രാഹുലിന് കോടതി ജാമ്യം നൽകിയിരുന്നു. ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് രാഹുല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയും ഭീവണ്ടി കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുകയുമായിരുന്നു.

ഏപ്രില്‍ 23ന് രാഹുലിന് പകരം അഭിഭാഷകന്‍ ഹാജരായെങ്കിലും ജൂൺ 12-ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി ആർ.എസ്.എസിനെതിരെ ആരോപണം ഉന്നയിച്ചത്. “ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്” എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.

ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ്സാണെന്ന പരാമർശം നടത്തിയതിന്‍റെ പേരിൽ നേരത്തെയും കോടതിയിൽ കേസ് ഉണ്ടായിട്ടുണ്ട്. സ്റ്റേറ്റ്സ്മാൻ പത്രവും എജി നൂറാണിയും ഇത്തരം പരാമർശത്തിന് പരസ്യമായി മാപ്പ് പറഞ്ഞവരാണ്.

അതുകൂടാതെ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെ പ്രതി സ്ഥാനത്ത് നിര്‍ത്തി സംസാരിച്ചതിന്‍റെ പേരില്‍ സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us