പനാജി: ബിജെപിയുടെ തന്ത്രം ബിജെപിയ്ക്ക് നേരെ പയറ്റാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയ്ക്ക് കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചത് ബിജെപിയ്ക്ക് തന്നെ കെണിയായി മാറുകയാണ്.
ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കോണ്‍ഗ്രസ് നിർണായക നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കർണാടകയിൽ ഗവർണർ വാജുഭായ് വാല സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ചതിനു പിന്നാലെ ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയാണ്.
ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎൽഎമാർ വെള്ളിയാഴ്ച ഗവർണറെ സമീപിക്കാനാണ് തയാറെടുക്കുന്നത്. കോണ്‍ഗ്രസിലെ 16 എംഎൽഎമാർ രാവിലെ ഗവർണർ മൃദുല സിൻഹയെ സമീപിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോൺഗ്രസ്. കര്‍ണാടകയില്‍ നടന്നതുപോലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മാനദണ്ഡം ഗോവയിലും അടിസ്ഥാനമാക്കണമെന്നാണ് എംഎല്‍എമാര്‍ ആവശ്യപ്പെടുക.
2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോണ്‍ഗ്രസ്. 40 അംഗങ്ങളാണ് ഗോവ നിയമസഭയില്‍ ഉള്ളത്. എന്നാൽ 13 സീറ്റുകൾ മാത്രമുള്ള ബിജെപിയാണ് ഇപ്പോള്‍ ഗോവ ഭരിക്കുന്നത്. മറ്റു പാർട്ടികളിലെ പത്ത് എംഎൽഎമാരുടെ പിന്തുണകൂടി നേടിയാണ് മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗോവയിൽ അധികാരമേറ്റത്. അതുകൂടാതെ കോണ്‍ഗ്രസിൽനിന്നു ഒരു അംഗത്തെ തങ്ങളോടൊപ്പം കൂട്ടുകയും ചെയ്തു.
അതുകൂടാതെ ബീഹാറിലും രാഷ്ട്രീയനീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെടും. ആര്‍ജെഡിയാണ് ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി. തേജസ്വി യാദവാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. പറഞ്ഞു.
ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത് കര്‍ണാടകയ്ക്ക് ഒരു നിയമവും ഗോവയ്ക്ക് മറ്റൊരു നിയമവും ഉണ്ടാവന് സാധ്യതയില്ല. ഇപ്പോള്‍ രാഷ്ട്രീയ നാടകങ്ങള്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ ത്രിശങ്കുവില്‍ നിര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.