ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ പത്താന്‍കോട്ട് കോടതിയിലേയ്ക്ക് മാറ്റി സുപ്രീം കോടതി ഉത്തരവ്. പത്താന്‍കോട്ട് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും കൂടാതെ പെണ്‍കുട്ടിയുടെ അഭിഭാഷകയ്ക്കും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കാനും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും ഈ കേസിന്റെ വിചാരണ നടക്കുക. കൂടാതെ കേസില്‍ രഹസ്യ വിചാരണയ്ക്കും കോടതി ഉത്തരവിട്ടു. തുടര്‍ച്ചയായി വാദം കേട്ട് വിധി പ്രസ്താവിക്കണമെന്നാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം. കേസിന്റെ വിചാരണ കശ്മീരിന് പുറത്തു നടത്തണമെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ ആണ് കോടതി ഇപ്രകാരം ഉത്തരവായത്.
ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും സംസ്ഥാനത്ത് നീതിപൂര്‍വമായ വിചാരണ അസാദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതിനു കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയത് സംസ്ഥാനത്തെതന്നെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടി റാലിയില്‍ സംബന്ധിച്ചതും, കുറ്റപത്രം സമര്‍പ്പിക്കുന്നത് അഭിഭാഷകര്‍ തടഞ്ഞതുമാണ്.
കൂടാതെ ജമ്മുവിലെ സാഹചര്യത്തില്‍ കേസ് സമാധാനപരമായി നടക്കുമെന്ന് തോന്നുന്നില്ല എന്ന് കുടുംബത്തിന്റെ അഭിഭാഷകനും അഭിപ്രായപ്പെട്ടിരുന്നു.
കേസിലെ മുഖ്യപ്രതികളായ സഞ്ജി റാം, വിശാല്‍ ജംഗോത്ര എന്നിവര്‍ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റുന്നതിനെ എതിര്‍ത്ത് ഹര്‍ജി നല്‍കിയിരുന്നു. അതുകൂടാതെ തങ്ങളെ കള്ളക്കേസില്‍ കുടുകിയതാണ് എന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനതല അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിച്ച കോടതി സി.ബി.ഐ അന്വേഷണം നിരാകരിക്കുകയാണ് ഉണ്ടായത്.
മുന്‍പ് ഹര്‍ജി പരിഗണിച്ച കോടതി കേസില്‍ സുതാര്യവും വേഗത്തിലുമുള്ള വിചാരണ അനിവാര്യമാണെന്നും സുതാര്യമായ വിചാരണ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലെ തന്നെ പ്രതികള്‍ക്കും ഉറപ്പാക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. കേസിന്റെ പ്രധാന ലക്ഷ്യം പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക എന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചിരുന്നു. വിഷയം വഴിമാറി പോകാതെ നോക്കേണ്ട ചുമതല എല്ലാവര്ക്കും ഉണ്ട്. കോടതിയിലൂടെയും അഭിഭാഷകരിലൂടെയും മാത്രമെ സുതാര്യമായ വിചാരണ നടക്കുകയുള്ളൂ. അതിനാല്‍ പ്രധാന പ്രശ്നത്തില്‍ നമുക്ക് ഉറച്ച് നില്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23ന് സംസ്ഥാന സർക്കാർ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികൾ പിടിയിലായത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു പുറം ലോകം അറിയുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കക്ഷി രാഷ്ട്രീയ മത ഭേദമെന്യേ രാജ്യമെങ്ങും മാര്‍ച്ചുകളും പ്രകടനങ്ങളും നടന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.