ബെംഗളൂരു : കലാശിപാളയത്ത് പുലർച്ചെ ബസിറങ്ങിയ മലയാളിയെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ കതിരൂർ സ്വദേശിയും ബെംഗളൂരു കമ്മനഹള്ളിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനുമായ സിദ്ദീഖിന്റെ ഇരുപതിനായിരം രൂപയും 15000 രൂപ വിലയുള്ള മൊബൈൽ ഫോണുമാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിദ്ദീഖിന്റെ വലതുകൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. കയ്യിൽ ആറു തുന്നൽ ഇടേണ്ടിവന്നു.
സ്വകാര്യ ബസിൽ പുലർച്ചെ അഞ്ചേകാലോടെയാണു കലാശിപാളയത്ത് എത്തിയത്. കമ്മനഹള്ളിയിലേക്കുള്ള ബസ് പിടിക്കാനായി കെആർ മാർക്കറ്റിലേക്കു ഫുട്പാത്തിലൂടെ നടന്നുപോകവെയാണ് അക്രമികൾ ചാടിവീണത്. കവർച്ചാശ്രമം എതിർത്ത സിദ്ദീഖിനു മർദനമേറ്റു. മൊബൈൽ ഫോണും പണവും തട്ടിയെടുത്ത അക്രമികൾ വെട്ടി പരുക്കേൽപിച്ചശേഷം കടന്നുകളഞ്ഞു. സംഭവത്തെക്കുറിച്ചു പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
ഇവിടെ ഇത്തരം അക്രമങ്ങൾ പതിവാണെന്നായിരുന്നു മറുപടി. മൊബൈൽ കാണാതായതിനു മാത്രമാണു കേസെടുത്തതെന്നും സിദ്ദീഖിനൊപ്പം സ്റ്റേഷനിൽ പോയവർ പറഞ്ഞു. മകളുടെ ചികിൽസയ്ക്കായി സ്വരൂപിച്ച പണമാണു കവർച്ചക്കാർ കൊണ്ടുപോയത്. കലാശിപാളയം, കെആർ മാർക്കറ്റ് ഭാഗങ്ങളിൽ മുൻകാലങ്ങളിലും മലയാളികൾക്കുനേരെ സമാനമായ ഒട്ടേറെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. മലബാർ ഭാഗത്തു നിന്നുള്ള ബസിലെ യാത്രക്കാരാണ് പ്രധാന ഇരകൾ. തനിയെ നടന്നുപോകുന്നവരെ കേന്ദ്രീകരിച്ചാണ് ആക്രമണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.