തലയ്ക്കു പിന്നില്‍ ആഴത്തിലുള്ള മുറിവ്,ശരീരത്തില്‍ സിഗരെറ്റ്‌ കൊണ്ട് പൊള്ളിച്ച പാട്,റിൻസന്റെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധി;സംസ്കാരം ഇന്ന് ഒളരിക്കരയില്‍.

ബെംഗളൂരു : മലയാളിയായ ‘ഓല’ ടാക്സി ഡ്രൈവർ തൃശൂർ ഒളരിക്കര എസ്എം ലെയിൻ തറയിൽ സോമന്റെ മകൻ റിൻസന്റെ (23) മൃതദേഹം ഇന്ന് സംസ്കരിക്കും. ബെംഗളൂരു അതിർത്തിയോടു ചേർന്നു തമിഴ്നാട്ടിലെ ഹൊസൂരിൽ ഓടയിൽ കണ്ടെത്തുകയായിരുന്നു. വിമുക്തഭടനായ സോമനും കുടുംബവും വർഷങ്ങളായി ബെംഗളൂരു കാവൽബൈരസന്ദ്രയിലാണു താമസം. റിൻസനെ ഈ മാസം 18നാണു കാണാതായത്.

ഹൊസൂർ ഭദ്രാപ്പള്ളിയിലെ സ്കൂളിനു സമീപം ഓടയിൽ 19നു മൃതദേഹം കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാതെ ഹൊസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിട്ടില്ല. കാറും കണ്ടെത്താനായിട്ടില്ല. റിൻസന്റെ സംസ്കാരം ഇന്നു നാലിന് ഒളരിക്കര എസ്എം ലെയിനിൽ റിൻസന്റെ പിതൃസഹോദരൻ ടി.എൽ. ഡേവിയുടെ വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം ഒളരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. അമ്മ: റോണി. സഹോദരി: റിയ. കാണാതായി രണ്ടു ദിവസത്തിനു ശേഷം ബന്ധുക്കൾ ഡിജി ഹള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. 18നു രാത്രി 11.30നായിരുന്നു അവസാന ട്രിപ്പ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി.

രാത്രി 12.30നു യെലഹങ്ക പൊലീസ് സ്റ്റേഷനടുത്തുവച്ച് മൊബൈൽ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഫോണുകളും കാറിലെ ജിപിഎസ് സംവിധാനവും ഓഫ് ആയതിനാൽ വാഹനം കണ്ടെത്താനായില്ല. തുടർന്നു ടോൾ പ്ലാസകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 19നു പുലർ‌ച്ചെ മൂന്നിനു റിൻസൻ ഇലക്ട്രോണിക് സിറ്റിയിൽ ടോൾ നൽകുന്ന സിസി ക്യാമറ ദൃശ്യം ലഭിച്ചു.

വാഹനത്തിൽ വേറെ മൂന്നുപേരും ഉണ്ടായിരുന്നു. വാഹനം അതിർത്തി കടന്നതായി വ്യക്തമായതോടെ വിവരം തമിഴ്നാട് പൊലീസിനു കൈമാറി. ഹൊസൂരിലെ ആശുപത്രിയിൽ അജ്ഞാത മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഇവർ അറിയിച്ചതിനെ തുടർന്നു പൊലീസും ബന്ധുക്കളും എത്തിയാണ് ആളെ തിരി‍ച്ചറിഞ്ഞത്. മറ്റെവിടെയെങ്കിലും വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം.

തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുണ്ട്. ശരീരത്തിൽ സിഗരറ്റ് കൊണ്ടു പൊള്ളിച്ച പാടുകളുണ്ട്. മൊബൈൽ ഫോണുകളും പഴ്സും തിരിച്ചറിയൽ രേഖകളും കാണാതായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us