ബെംഗളൂരു: നഗരത്തിലെ അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു നഗരം ശുചീകരിക്കാൻ ബിബിഎംപി നടപടി തുടങ്ങി. റോഡരികിലും വൈദ്യുതി തൂണുകളിലും സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ്ലെക്സ് ബോർഡുകൾ ബിബിഎംപിയുടെ വിവിധ സോണുകളിലായി 100 പേരടങ്ങുന്ന ജീവനക്കാരുടെ സംഘമാണ് നീക്കം ചെയ്യുന്നത്.പരസ്യനികുതി അടയ്ക്കാതെ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഹോർഡിങ്ങുകളും ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയനഗർ ഡിവിഷനിൽ ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ഉദ്ഘാടനം മേയർ സമ്പത്ത് രാജ് നിർവഹിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ അനധികൃത ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യുമെന്ന് മേയർ പറഞ്ഞു.
ട്രാഫിക് സിഗ്‌നലുകൾ പോലും മറച്ച് സ്ഥാപിക്കുന്ന ഫ്ലെക്സ് ബോർഡുകൾ പതിവായ നഗരത്തിൽ പക്ഷേ ഇവ നീക്കം ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തുകയാണ് പതിവ്. രാഷ്ട്രീയ നേതാക്കൾക്ക് ജൻമദിനാഘോഷങ്ങൾ നേർന്നും, ഉൽസവ ആശംസകൾ നേർന്നുമുള്ള ഫ്ലെക്സ് ബോർഡുകളാണ് ഇവയിൽ ഏറെയും. പ്രധാന ജംക്‌ഷനുകളിൽ സ്ഥാപിക്കുന്ന കൂറ്റൻ ബോർഡുകൾ കാറ്റിൽ മറിഞ്ഞുവീണ് അപകടങ്ങൾ സംഭവിക്കുന്നതും കുറവല്ല. പരസ്യബോർഡുകൾ നിരോധിച്ച് ടെൻഡർ ഷുവർ റോഡുകളിലും സമീപകാലത്ത് ഒട്ടേറെ പോസ്റ്ററുകളും ബോർഡുകളുമാണ് ഉയർന്ന് വന്നിരിക്കുന്നത്.
പ്രദേശത്തെ കോർപറേറ്റർമാരുടേയും രാഷ്ട്രീയ നേതാക്കളുടേയും സമർദഫലമായാണ് പലയിടത്തും ബോർഡുകൾ സ്ഥാപിക്കാൻ ബിബിഎംപി അധികൃതർ മൗനാനുവാദം നൽകുന്നതെന്ന് ആരോപണമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ വിവിധ മണ്ഡലങ്ങളിൽ മൽസരിക്കാൻ ഒരുങ്ങുന്ന സ്ഥാനാർഥികളും വ്യാപകമായി പ്രചാരണ ബോർഡുകൾ ഉയർത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലെക്സ് ബോർഡുകൾ നീക്കിയിരുന്നെങ്കിലും പിന്നീട് നടപടികൾ പേരിന് മാത്രമായി.അനധികൃത ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പിഴയീടാക്കാനുള്ള നീക്കവും വിജയിച്ചിരുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.