തിരുവനന്തപുരം : രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണം.
ഇതിനകം ഏതുമാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽമാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം.
ഇതുവരെ പാസിനപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.
ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ ‘കോവിഡ്19 ജാഗ്രത’ വഴി രേഖപ്പെടുത്തണം.
കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർ നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിനിൽ പ്രവേശിക്കണം.
ഹോം ക്വാറൻറയിൻ പാലിക്കാത്തവരെ നിർബന്ധമായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ മാറ്റും. രോഗലക്ഷണങ്ങളെ ഉള്ളവരെ തുടർപരിശോധന നടത്തും.
റെയിൽവേസ്‌റ്റേഷനിൽനിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറൻയിൻ സ്വീകരിക്കുകയും വേണം.
റെയിൽവേ സ്‌റ്റേഷനുകളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.
കോവിഡ്19 ജാഗ്രത പോർട്ടലിൽ (https://covid19jagratha.kerala.nic.in) പാസിനപേക്ഷിക്കാതെ വരുന്ന യാത്രക്കാർ നിർബന്ധമായും 14 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ പോകേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.