വാണിജ്യ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60% കന്നഡ വേണം എന്ന നിർദ്ദേശം കർശനമാക്കി ബി.ബി.എം.പി

ബെംഗളൂരു : വാണിജ്യ സ്ഥാപനങ്ങളുടെ പേരു സൂചിപ്പിക്കുന്ന ബോർഡുകളിൽ 60% കന്നഡ ഭാഷ ഉപയോഗിക്കണമെന്ന വ്യവസ്ഥ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) കർശനമാക്കുന്നു. ബോർഡുകളിൽ കന്നഡയ്ക്കു പ്രാധാന്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

കടകളുടെയും മാളുകളുടെയുമെല്ലാം ബോർഡുകളിൽ കന്നഡയ്ക്കു പ്രാമുഖ്യം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നു കന്നഡ വികസന അതോറിറ്റി (കെഡിഎ) നേരത്തെ ബിബിഎംപിക്കു നിർദേശം നൽകിയിരുന്നു. ഹോട്ടലുകൾ, മാളുകൾ, മറ്റു വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ ബോർഡുകളിൽ കന്നഡയ്ക്കു പകരം ഹിന്ദി, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകൾ ഉപയോഗിക്കുന്നതിനെതിരെ കഴിഞ്ഞ വർഷം കെഡിഎ രംഗത്തെത്തിയിരുന്നു.

ഹിന്ദിയിൽ ബോർഡ് പ്രദർശിപ്പിച്ച ചില ഹോട്ടലുകൾക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ ആക്രമണവും ഉണ്ടായി. ഇതേത്തുടർന്നു ബോർഡുകളുടെ 60% കന്നഡ ഉപയോഗിക്കണമെന്നു നിർദേശിച്ച് ബിബിഎംപി എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. ശേഷിച്ച 40% ഭാഗത്ത് മറ്റു ഭാഷകൾ ഉപയോഗിക്കാൻ തടസ്സമില്ല. നവംബറിനകം എല്ലാ വാണിജ്യ സ്ഥാപനങ്ങളും ബോർഡുകൾ ഇത്തരത്തിൽ മാറ്റുവാനായിരുന്നു നിർദേശം. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും കെഡിഎ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോർഡുകൾക്കെതിരെയും കന്നഡ അനുകൂല സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തെ തുടർന്നു മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോർഡുകൾ നീക്കം ചെയ്യാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) നിർബന്ധിതമായി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ബാങ്കുകളിലും കന്ന‍ഡ നിർബന്ധമാക്കണം എന്നാവശ്യപ്പെട്ട് കന്നഡ സംഘടനകൾ രംഗത്തുണ്ട്. സമീപകാലത്ത് റെയിൽവേ ടിക്കറ്റുകളിലും കന്നഡ ഭാഷ ചേർത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us