“നൈസ് റോഡ്‌” ഉടമ അശോക് കെനി കോണ്‍ഗ്രസില്‍ ചേര്‍ന്നു;ഒരു ലക്ഷം കോടിരൂപയുടെ നൈസ് അഴിമതി കേസിന്റെ ഭാവിയെന്ത് ?

ബെംഗളൂരു : നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) മാനേജിങ് ഡയറക്ടറും ബീദർ സൗത്തിൽ നിന്നുള്ള എംഎൽഎയുമായ അശോക് കെനി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിനുള്ളിൽ നിന്നു തന്നെയുള്ള നേതാക്കളുടെ എതിർപ്പിനിടെയാണ് പാർട്ടി പ്രവേശനം. 111 കിലോമീറ്റർ ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‍വേ പദ്ധതിയുടെ പേരിൽ, ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് ഉൾപ്പെടെ ഒട്ടേറെ കേസുകൾ നൈസിന്റെ പേരിൽ നിലവിലുള്ളതിന്റെ പശ്ചാത്തലത്തിലാണ് എതിർപ്പുയരുന്നത്.

കർണാടക പിസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ അധ്യക്ഷൻ ഡോ. ജി.പരമേശ്വര, ഊർജമന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അശോക് കെനിയെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, കർണാടക മക്കള പക്ഷയ്ക്കു വേണ്ടി മൽസരിച്ച അശോക് കെനി 3124 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ജനതാദൾ എസിന്റെ ബണ്ഡപ്പ കാശംപൂരിനെയാണ് അന്ന് പരാജയപ്പെടുത്തിയത്.

മുൻമുഖ്യമന്ത്രി ധരംസിങ്ങിന്റെ മകൻ വിജയ് സിങ്, എംഎൽഎമാരായ എച്ച്.ടി.സോമശേഖർ, മുനിരത്ന എന്നിവരാണ് കെനിയുടെ കോൺഗ്രസ് പ്രവേശത്തെ ശക്തമായി എതിർക്കുന്നത്. കെനിയെ സ്വീകരിച്ചതിൽ അപാകതയൊന്നുമില്ലെന്ന് പരമേശ്വര പ്രതികരിച്ചു. കെനിയുടെ പാർട്ടി പ്രവേശനത്തിന് ഉപരിയായി കർണാടക മക്കള പക്ഷ കോൺഗ്രസുമായി ലയിക്കുകയാണ് ഉണ്ടായതെന്ന് മന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒൗദ്യോഗിക വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് അശോക് കെനി പിസിസി ഓഫിസിലെത്തിയത്. ഒരു ലക്ഷം കോടിയോളം രൂപയുടെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നൈസിനും അശോക് കെനിക്കുമെതിരെ ക്രിമിനൽ നടപടിക്രമങ്ങൾക്ക് സംയുക്ത നിയമസഭാ സമിതി സർക്കാരിന് നിർദേശം നൽകിയിരുന്നു. കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപിക്കണം എന്നായിരുന്നു നിർദേശം.

ഹൈദരാബാദ് – കർണാടക മേഖലയായ ബീദറിലെ ലിംഗായത്ത്, കുറുബ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഇദ്ദേഹത്തിന് കോൺഗ്രസ് അംഗത്വം നൽകിയതെന്നും ശ്രുതിയുണ്ട്. ലിംഗായത്ത് സമുദായക്കാരനായ കെനി ഒരുകാലത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. ഏതായാലും കെനിയുടെ കോൺഗ്രസ് പ്രവേശം, ബിജെപിക്കും ജനതാദൾ എസിനും ആരോപണം ഉന്നയിക്കാൻ ഒരു വിഷയം കൂടി സമ്മാനിച്ചിരിക്കുകയാണ്. കെനിയുടെ ആസ്തി കണ്ടാണ് കോൺഗ്രസ് കൈനീട്ടി സ്വീകരിച്ചിരിക്കുന്നതെന്ന് ചില ബിജെപി നേതാക്കൾ ഇതിനോടകം ആരോപിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us