സിനിമാ കഥകളെ വെല്ലുന്ന ജീവിതം, കുറ്റകൃത്യങ്ങൾ, ജയിൽ ചാട്ടം;13 സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊന്ന, മൂന്ന് സംസ്ഥാനങ്ങളിലായി കുറ്റകൃത്യങ്ങൾ നടത്തിയ”സൈക്കോ ശങ്കറിന് “ജയിലിൽ അന്ത്യം.

ബെംഗളൂരു :നമ്മൾ പലരും സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജീപ്പിതമായിരുന്നു ജയശങ്കർ എന്ന സൈക്കോ ശങ്കറിന്റേത്, ആന്ധ്ര, തമിഴ്നാട്, കർണാടകഎന്നിവിടങ്ങളിലായി 13 സ്ത്രീകളെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന എം. ജയ്ശങ്കർ (40) പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജീവനൊടുക്കിയ നിലയിൽ. ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ച നിലയിൽ ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് ജയിൽ അധികൃതർ ഇയാളെ കണ്ടെത്തിയത്. ഉടൻ തന്നെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യ നില കൂടുതൽ മോശമായതോടെ വിക്ടോറിയ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആംബുലൻസിൽ വച്ച് മരണം സംഭവിച്ചതായാണ് റിപ്പോർട്ട്. 27 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന ശങ്കർ ഏകാന്ത തടവിൽ ആയിരുന്നതിനാൽ ഇയാൾക്കു സമീപത്തേക്ക് മറ്റാരെയും കടത്തിവിട്ടിരുന്നില്ല. കേസെടുത്ത പാരപ്പന അഗ്രഹാര പൊലീസ് പ്രാഥമിക അന്വേഷണം നടത്തി വരികയാണ്. സേലം കണ്ണിയാംപട്ടി സ്വദേശിയും ട്രക്ക് ഡ്രൈവറും ആയിരുന്ന ഇയാളുടെ കുറ്റകൃത്യങ്ങൾ സിനിമാക്കഥയെ വെല്ലുന്നതാണ്.

ബലാൽസംഘം, കൊലപാതകം, കവർച്ച ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായ ഇയാൾ രണ്ടുവട്ടം ജയിൽ ചാടി. ‘സൈക്കോ ശങ്കർ’ എന്നപേരിൽ കുപ്രസിദ്ധനായ ഇയാൾ സ്ത്രീകൾക്കു പുറമെ ഒരു പുരുഷനെയും കുട്ടിയെയും കൊലപ്പെടുത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. 2009 ജൂലൈ മൂന്നിനു ഹൊസൂരിൽ സ്ത്രീ മാനഭംഗശ്രമത്തിനിടെ കൊല്ലപ്പെട്ടതായിരുന്നു ശങ്കറിനെതിരായ ആദ്യ കേസ്.

രണ്ടു മാസത്തിനുശേഷം തിരുപ്പുർ പെരുമണലൂരിൽ വനിതാ കോൺസ്റ്റബിൾ ജയമണിയും സമാനരീതിയിൽ കൊല്ലപ്പെട്ടു. ഈ കേസുകളിൽ 2009ൽ ഇയാൾ തമിഴ്നാട് പൊലീസിന്റെ പിടിയിലായി. 2011ൽ ധർമപുരിയിലെ അതിവേഗ കോടതിയിൽ ഹാജരാക്കിയശേഷം കോയമ്പത്തൂരിലെ ജയിലിലേക്കു കൊണ്ടുപോകവെ സേലത്തുവച്ച് ജയ്ശങ്കർ പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നുകളഞ്ഞു.

കർണാടകയിലേക്കു കടന്ന ജയ്ശങ്കർ തുമകൂരു, ചിത്രദുർഗ എന്നിവിടങ്ങളിലായി ആറു സ്ത്രീകളെ കൂടി കൊലപ്പെടുത്തി. ഏതാനും മാസങ്ങൾക്കുശേഷം മോഷ്ടിച്ച ബൈക്കുമായി ചിത്രദുർഗയിലെത്തിയ ഇയാൾ, വയലിൽ പണിയെടുക്കുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. വീട്ടമ്മ ബഹളം വച്ചതോടെ ഭർത്താവും പ്രദേശവാസികളും എത്തി ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. തുടർന്ന് 27 വർഷത്തെ ജയിൽശിക്ഷ വിധിച്ചതോടെ പാരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റുകയായിരുന്നു.

2013ൽ, കനത്ത സുരക്ഷയുള്ള പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ ചാടിയതോടെയാണ് ശങ്കർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 15 അടി ഉയരമുള്ള ഉൾമതിലും 30 അടി ഉയരമുള്ള പുറംമതിലും, കൂട്ടിക്കെട്ടിയ ബെഡ്ഷീറ്റുകളുടെ സഹായത്തോടെയാണു ചാടിക്കടന്നത്. ബൊമ്മനഹള്ളിയിൽനിന്നു ദിവസങ്ങൾക്കകം പിടിയിലാവുകയും ചെയ്തു. ഇയാളുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് അന്നു സുരക്ഷാ ചുമതല ഉണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു. ഈ സംഭവത്തിനു ശേഷമാണ് ശങ്കറിനെ പ്രത്യേക സെല്ലിലേക്കു മാറ്റിയത്. വിവാഹിതനായ ഇയാൾക്കു മൂന്നു പെൺമക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us