ബെംഗളൂരു ∙ മഹാനഗരത്തിലെ 58 തടാകങ്ങൾ നവീകരിക്കുന്നതിനു ബജറ്റിൽ 200 കോടി രൂപ അനുവദിക്കണമെന്നു സർക്കാരിനോടു ബിബിഎംപി.ശുദ്ധജലം വറ്റിവരണ്ട് ആവാസ യോഗ്യമല്ലാതാകുന്ന ലോകത്തെ പ്രധാന 11 നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരുവാണെന്ന ബിബിസി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു തടാക നവീകരണം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നത്.
16ന് ആരംഭിക്കുന്ന ഇടക്കാല ബജറ്റ് സമ്മേളനത്തിലും വിഷയം പ്രധാന ചർച്ചയാകും. ബേഗൂർ, ബെനംഗനഹള്ളി, വിഭൂതിപുര, ചുഞ്ചഘട്ട, സാരക്കി, സോമസുന്ദരപാളയ, ഹൂഡി, ബോഗനഹള്ളി തുടങ്ങിയ തടാകങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ബിബിഎംപി വന വിഭാഗം ഡപ്യൂട്ടി കൺസർവേറ്റർ ജഗന്നാഥ റാവു പറഞ്ഞു.കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച 50 കോടി രൂപ ഉപയോഗപ്പെടുത്തിയാണിത്. 5.5 കോടി രൂപ ചെലവിൽ നടക്കുന്ന സാരക്കി തടാക നവീകരണ പ്രവർത്തനങ്ങൾ ലോകായുക്തയും നിരീക്ഷിച്ചു വരുന്നുണ്ട്.
നഗരത്തിലെ 58 തടാകങ്ങളുടെ നവീകരണം സംബന്ധിച്ചുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബിബിഎംപി ഇതിനോടകം തയാറാക്കി. ഹുളിമാവ്, ചിക്കബേഗൂർ പോലുള്ള വലിയ തടാകങ്ങൾ നവീകരിക്കാൻ വലിയ ഫണ്ടുകളും ആവശ്യമായി വരും. ഹുളിമാവ് തടാകം 125 ഏക്കറുകളിലും ചിക്കബേഗൂർ തടാകം 45 ഏക്കറിലുമാണു പടർന്നു കിടക്കുന്നത്.നിലവിൽ അനുവദിച്ചു കിട്ടിയ 50 കോടി രൂപയുടെ ഫണ്ടിനു പുറമെ 200 കോടി രൂപ കൂടി ചെലവിട്ടു മൂന്നു വർഷം കൊണ്ടു ചെറുതും വലുതുമായ തടാകങ്ങളുടെ നവീകരണം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്നും ജഗന്നാഥ റാവു വ്യക്തമാക്കി.
കർക്കെരെ-രാമപുര, ബസവനപുര, ബാസാപുര, ജുന്നസന്ദ്ര, സീതാറാംപാളയ, മഹാദേവപുര, ജുഞ്ചുരപാളയ, പാണത്തൂർ, ഗുബ്ബലാല, വസന്തപുര, കൊനാനകുണ്ഡെ, ദൊഡ്ഡകല്ലസന്ദ്ര തടാകങ്ങളുടെ നവീകരണം ബജറ്റിനു ശേഷം ഏറ്റെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.കെആർ പുരയ്ക്കു സമീപത്തെ ദേവസന്ദ്ര, ദൊഡ്ഡകന്നഹള്ളി, മഹോദേവപുര ഉൾപ്പെടെ അഞ്ചു തടാകങ്ങളുടെ തീരത്ത് നാലു കോടി രൂപ ചെലവിട്ട് മലിനജല സംസ്കരണ പ്ലാന്റുകൾ (എസ്ടിപി) സ്ഥാപിക്കുമെന്ന് കർണാടക ലേക്ക് കൺസർവേഷൻ ഡവലപ്മെന്റ് അതോറിറ്റി സിഇഒ സീമ ഗാർഗും വ്യക്തമാക്കി.നഗരത്തിലെ ഒരു തടാകത്തിൽ പോലും കുടിക്കാനോ കുളിക്കാനോ ഉതകുന്ന വിധം ശുദ്ധജലമില്ലെന്ന് ബിബിസി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.