മൈസൂരു : നിർദിഷ്ട തലശേരി- മൈസൂരു റെയിൽപാതയ്ക്കെതിരെ കുടകിലെ പരിസ്ഥിതി സംഘടനകൾ 18നു മൈസൂരുവിൽ പ്രതിഷേധ റാലി നടത്തും. റെയിലു മാർഗ വിരോധിസമിതിയുടെ നേതൃത്വത്തിലാണു മൈസൂരു റെയിൽവേ സ്റ്റേഷനു മുന്നിൽ റാലിയും ധർണയും നടത്തുന്നത്.
വികസനത്തിന്റെ പേരിൽ കുടക് മേഖലയെ മരുഭൂമിയാക്കാനുള്ള നീക്കമാണു കേരള, കർണാടക സർക്കാരുകൾ നടത്തുന്നതെന്നു കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി പ്രസിഡന്റ് കേണൽ മുത്തണ്ണ പറഞ്ഞു. വൻതോതിൽ മരങ്ങളും കാപ്പിത്തോട്ടങ്ങളും നശിപ്പിച്ചുള്ള വികസനം കുടക് നിവാസികൾക്ക് ആവശ്യമില്ല. തലശേരിയിൽ നിന്നുള്ള റെയിൽപാത നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനുമേൽ കേരളം സമ്മർദം ശക്തമാക്കുകയാണ്. റെയിൽപാത നിർമാണത്തിന് അനുമതി നൽകിയാൽ പ്രതിഷേധം ബെംഗളൂരുവിലേക്കു വ്യാപിപ്പിക്കുമെന്നും പൊന്നംപേട്ട് കൊടവ സമാജ പ്രസിഡന്റ് രാജീവ് ബൊപ്പയ്യ പറഞ്ഞു.