വാഷിങ്ടൻ ∙ ഈ വർഷം ഇന്ത്യയുടെതാണെന്നു വ്യക്തമാക്കി രാജ്യന്തര നാണ്യനിധി (ഐഎംഎഫ്). 2018ൽ 7.4 ശതമാനം വളർച്ചയാണു ഇന്ത്യയിൽ പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 6.8 ശതമാനം വളർച്ച നേടുന്ന ചൈനയെ ഇന്ത്യ മറികടക്കുന്നതു 2018ൽ കാണാമെന്നും ഐഎംഎഫ് പറയുന്നു.
കഴിഞ്ഞ വർഷം നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏൽപ്പിച്ച തിരിച്ചടിയിൽനിന്നു രാജ്യം കരകയറും. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദർശനത്തിലാണ് (ഡബ്ല്യുഇഒ) ഇന്ത്യയുടെ വളർച്ച പ്രവചിക്കുന്നത്. 2019ൽ ഇന്ത്യയുടെ വളർച്ച പിന്നെയും കുതിച്ച് 7.8 ശതമാനമാകും. ഇതേ കാലയളവിൽ ചൈനയുടെ വളർച്ച കുറഞ്ഞു 2019ൽ 6.4 ശതമാനമാകും.
മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വൻ വളർച്ചാസാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയിൽ വളർച്ച മന്ദഗതിയിലാണെങ്കിൽ ഇന്ത്യ കുതിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകളിലെ പരിഷ്കാരങ്ങൾ, നിക്ഷേപത്തിനുള്ള അവസരം വർധിക്കുന്നത് തുടങ്ങിയവയും പരിഷ്കരണ നടപടികളും ഇന്ത്യയുടെ സാധ്യത കൂട്ടുന്നു. ജിഎസ്ടി, ബാങ്കുകളിലേക്കുള്ള മൂലധന നിക്ഷേപം എന്നിവ സർക്കാർ ഗൗരവത്തോടെ കാണുന്നതു നല്ല നീക്കമാണെന്നും വിലയിരുത്തലുണ്ട്.