കളി മാറി, പൂനെയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്‌സ്..

ബെംഗളുരുവിനോട് കൊച്ചിയിൽ രണ്ടു ഗോളിന് തോറ്റു, കോച്ച് റെനേ ടീമിനെ “ഇട്ടേച്ചു” പോയി, വിനീതിന് പരിക്ക്, പുതുവർഷം അത്ര നല്ല ഗിഫ്റ്റ് അല്ല ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്. ഇതിനിടയിൽ മാനേജ്‌മന്റ് ഇനിവരുന്ന കളികൾക്കുള്ള കോച്ച് ആയി പഴയ ബ്ലാസ്റ്റർ മാനേജർ ഡേവിഡ് ജെയിംസിനെ തിരിച്ചു വിളിച്ചു, കെസീറോൺ കിസീറ്റോ എന്ന ഉഗാണ്ടൻ പ്ലേയേറെ സൈൻ ചെയ്തു. ചുരുങ്ങിയ കാലയളവിൽ ഇത്ര അധികം മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് എങ്ങനെ ഉൾക്കൊള്ളും എന്ന് ആരാധകർ ഉറ്റു നോക്കിയാ മാച്ച് ആണ് പുണെ ക്കെതിരെ ഇന്ന് കൊച്ചിയിൽ നടന്നത്. പരിക്ക് മാറി ബ്ലാസ്റ്റേഴ്സിന്റെ “മെയിൻ” മാൻ ബെർബെറ്റോവ് തിരിച്ചു വന്ന കളിയും കൂടി ആയിരുന്നു ഇന്നത്തേത്. നേമാനിയ സസ്പെന്ഷനിൽ ആയകാരണം സെന്റർ ബാക്ക് ആയി വെസ് ബ്രൗണും ഇറങ്ങി. റെനേ ഇറക്കിയ 4 -2 -3 -1  ഫോർമേഷനിൽ തന്നെയാണ് ജെയിംസും ബ്ലാസ്‌റ്റേഴ്‌സിനെ ഇറക്കിയത്. ബേര്ബക്കൊപ്പം ഹങ്കൽ ആണ് ഡിഫെൻസിവ് മിഡ് ആയി കളിച്ചതു.

ഫസ്റ്റ് ഹാഫ്

നോർത്തേയ്സ്റ്റിനെതിരെ എവിടെ നിർത്തിയോ അവിടെ നിന്നും ആണ് മർസെലെനിയോയും പിള്ളേരും കേരളത്തിനെതിരെ കളിച്ചു തുടങ്ങിയത്. കേരള ഡിഫെൻസിനു ശ്വാസം വിടാൻ സമ്മതിക്കാതെ ഉള്ള അറ്റാക്കിങ് ആണ് അൽഫാറോയും ലൂക്കയും ട്ടെബാറും അടങ്ങുന്ന പുണെ നിര അഴിച്ചു വിട്ടത്. ഗോളെന്നുറച്ച ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കാൻ അവരുടെ മുന്നേറ്റങ്ങൾക്ക് ആയി. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് പാതിവഴിയിൽ മുറിഞ്ഞു കൊണ്ടേ ഇരുന്നു. മുപ്പത്തി മൂന്നാം മിനുറ്റിൽ അവസാനം പുണെ ലക്ഷ്യം കണ്ടു മർസെലിനോ ഒരു നല്ല ഫിനിഷിലൂടെ പൂനെയെ മുന്നിലെത്തിച്ചു. തുടർന്നും പുണെ ആക്രമണം തുടർന്നെങ്കിലും ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഗോളിലൊന്നും കേറിയില്ല. രണ്ടാമത്തെ കളിയിൽ ഇറങ്ങാൻ അവസരം കിട്ടിയ ഹ്യൂമേട്ടനും സിഫെനിയോസും ഒക്കെ പൊരുതി നോക്കിയെങ്കിലും നല്ല അറ്റാക്കുകൾ ഫോം ചെയ്യാൻ മധ്യനിരക്കു ആയില്ല.

ഫസ്റ്റ്ഹാൾഫിൽ പറയത്തക്ക ഒരു നല്ല നീക്കവും 52% പൊസഷൻ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന് നടത്താനായില്ല എന്നതാണ് സത്യം.  എന്നാൽ പുണെ തുരുതുരാ ശുഭാശിഷ് റോയിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. 13 ഷോട്ടുകളാണ് പുണെ ഫസ്റ്റ് ഹാൾഫിൽ അടിച്ചത് അതിൽ അഞ്ചെണ്ണം  സുഭാഷിഷിനു സേവ് ചെയ്യേണ്ടിയും വന്നു. എന്നാൽ കേരളത്തിനാകട്ടെ ഒരു ഷോട്ട് പോലും ഗോൾ പോസ്റ്റിനു നേരെ അടിക്കാൻ സാധിച്ചില്ല, പരിക്ക് മാറിയെത്തിയ ബെർബെറ്റോക്ക് മിഡ്‌ഫീൽഡിൽ പ്രേത്യേകിച്ചു ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല.കൂടാതെ ഒൻപത് കോർണർ ആണ് ആദ്യ 45 മിനുറ്റിൽ കേരളം വഴങ്ങിയത്.

കളി മാറിയ സെക്കന്റ് ഹാഫ്

ഫസ്റ്റ് ഹാൾഫിൽ ഒരു ഗോൾ മാത്രമേ വീണൊള്ളൂ എന്ന് സമാധാനിക്കാനെ പുണെയുടെ കളികണ്ട  ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനു കഴിയൂ, അത്ര മോശം കളി ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെത്. എന്നാൽ സെക്കന്റ് ഹാൽഫിൽ ബെർബയെ സുബ്സ്റ്റിറ്റ്യൂട് ചെയ്തു കിസീറ്റോ ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കളിതന്നെ മാറി. വെറും 20 വയസ്സുള്ള ഉഗാണ്ടക്കാരൻ നാഥനില്ലാ കളരിയായ കേരളത്തിന്റെ മിഡ്‌ഫീൽഡിൽ തകർത്താടുന്ന കാഴ്ചയാണ് പിന്നീട് കൊച്ചി കണ്ടത്. കിസീറ്റോ ഇറങ്ങിയതോടെ ഫോർവേഡുകൾക്ക് അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു കളിക്കാനുള്ള അവസരങ്ങൾ ഉണ്ടായി.എല്ലാരും ഉണർന്നു കളിച്ചതോടെ  പുണെ മധ്യ നിരക്ക് പിന്നെ ബോൾ കാലിൽ വക്കാൻ പറ്റാത്ത അവസ്ഥയായി. മിസ്സ് പാസ്സെസ്സും തെറ്റായ ക്‌ളിയറൻസും കൊണ്ട് പുണെ ഡിഫെൻസും ഒന്ന് കിടുങ്ങി. മധ്യനിരയിൽ പുതിയ ആള് വന്നതോടെ, പലപ്പോളും വിങ്ങിൽ നിന്നും മധ്യനിരയിലോട്ടു വന്നു ബാളും ആയി കയറിപോകേണ്ടി വന്ന പേക്കൂസെന്നു കാലിൽ ബാളില്ലാതെ തന്നെ “റൺസ്” നടത്താൻ ഇന്നായി.

ടീം ഗോൾ

അങ്ങനെ 72 ആം മിനുറ്റിൽ കേരളം കാത്തിരുന്ന ആ ഗോൾ വീണു. ഇടതുവിങ്ങിലൂടെ ഓടിക്കയറിയ പേക്കൂസോണിനു രണ്ടുപേരെ ഒരുമിച്ചു കബളിപ്പിച്ചുമധ്യനിരയിൽ നിന്നും കിസീറ്റൊന്റെ ഒരു നീളൻ ത്രൂ ബോൾ, റിസീവ് ചെയ്യുമ്പോളും ഓട്ടം തുടർന്ന പെകൂസണിനെ തളക്കാൻ പുണെ ഡിഫെൻസിന്റെ നേടുംതൂൺ റാഫേൽ  ലോപ്പസ് പൊസിഷനിൽ നിന്നൊന്നു ഇളകി, മറ്റൊരു സെന്റര് ബാക്ക് ഗുർത്തേജിനെ ഹ്യൂമേട്ടൻ നിയർ പോസ്റ്റിലോട്ടു കണ്ടം വഴി ഓടിച്ചും
കയറ്റി, പുണെ ഡിഫെൻസ് പിളർക്കാൻ ഇതുതന്നെ ധാരാളം. പിന്നെ  ബോക്സിൽ മാർക്ക് ചെയ്യാൻ ആരുമില്ലാതെ ഓടിവന്ന സിഫെനിയോസിനു സീസണിലെ മൂന്നാം ഗോളിന് വകയൊരുക്കാൻ പേക്കുമോന്റെ വക അളന്നു കുറിച്ചൊരു പാസ്. ഒരു ടാപ്പ് മാത്രമേ ചെയ്യേണ്ടി വന്നൊള്ളൂ സിഫെനിയോസിനു ബോൾ പുണെ ഗോൾ ലൈൻ ക്രോസ്സ്ചെയ്യിക്കാൻ… ബ്ലാസ്റ്റേഴ്സിന്റെ കളി മാറി എന്ന് അടിവരയിടുന്ന ഒരു ഗോൾ, അറ്റന്റൻസ്‌ ഒന്ന് കുറഞ്ഞെങ്കിലും വന്ന ഇരുപത്താറായിരം കാണികൾക്കും തികച്ചും മുതലായി ഇന്നത്തെ കളി. ഗോളിന്റെ പേരിൽ ഈ കളിയിലും സിഫെനിയോസിനാണ് ഹീറോ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. തുടർന്നും ബ്ലാസ്റ്റേഴ്‌സ് അറ്റാക്കിങ് തുടർന്നെങ്കിലും പുണെ ഡിഫെൻസ് ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കുകയായിരുന്നു.

പുതുതായി വന്ന ഉഗാണ്ടക്കാരൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല, ആദ്യ കളിയിലെ 45 മിനുട്ടുകൾ കൊണ്ട്, തന്റെ കയ്യിൽ യുവത്വത്തിന്റെ വേഗത മാത്രമല്ല  പ്രായത്തിൽ കവിഞ്ഞ പക്ക്വതയും പൊരുതി  കളിക്കാനുള്ള മനസ്സും കൂടി ഉണ്ടെന്നു കാട്ടിത്തരുകയായിരുന്നു. ഇത്രയും നാളും ചത്ത് കിടന്ന ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡിനെ കിസീറ്റോവിന്റെ ചുമലിൽ തന്നെ ജെയിംസ് ഇനി ഏല്പിക്കുമോ അതോ ബെർബെറ്റോ തന്നെ ഇനിയും ഇറങ്ങുമോ എന്നതാണ് ഇനി കാണാനുള്ളത്.

ഇനി കളി മാറേണ്ട

ഈ കളി ഇനി മാറേണ്ട എന്നെ സെക്കന്റ് ഹാൾഫിലെ കളികണ്ട ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും പറയാനുണ്ടാകൂ, ടേബിൾ ടോപ് ടീം ആയ പുണെയെ വിറപ്പിച്ച ഇന്നത്തെ സെക്കന്റ് ഹാൾഫിലെ കളി തന്നെ ഇനിയും പുറത്തെടുത്താൽ ബ്ലാസ്റ്റേഴ്‌സ് കനോക്ക് ഔട്ട് സ്റ്റേജിൽ എത്തും എന്ന്ഉറച്ചു വിശ്വസിക്കാം. ഇതിനു മുൻപും തുടരെ തുടരെ  സമനില ആയപ്പോളും കാണികളെ അഭിമുഖീകരിക്കാതെ പോയ ജിങ്കാനും കൂട്ടരും ഇത്തവണ ഈസ്റ്റ് ഗ്യാലറി വന്നു കാണികളെ അഭിവാദ്യം ചെയ്തതുതന്നെ ഈ സമനില കളിച്ചു നേടിയതാണ് എന്ന് എടുത്തുകാണിക്കുന്നു. പത്താം തിയ്യതി ഡൽഹിയിൽ നടക്കുന്ന കളിയിലും കേരളത്തിന്റെ മധ്യനിര ഇങ്ങനെ കളിച്ചാടിയാൽ സീസണിലെ ഏഴാം തോൽവിയെ അഭിമുഖീകരിക്കുക ആയിരിക്കും ഡൽഹിക്കു മുന്നിലുള്ള ഏക മാർഗം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us