മൈസൂരു : ശുചിമുറി ഉപയോഗിച്ചതിന്റെ പേരിൽ കേരള ആർടിസി ഡ്രൈവർ ഉൾപ്പെടെ നാലുപേരെ കർണാടക ആർടിസി ജീവനക്കാർ മർദിച്ചതായി പരാതി. പരുക്കേറ്റ കോഴിക്കോട് ഡിപ്പോ ഡ്രൈവർ വിജയൻ, റിസർവേഷൻ കൗണ്ടർ ഓഫിസർ അജിത്കുമാർ, കണ്ടക്ടർ ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ മുസ്തഫ എന്നിവരെ മൈസൂരു കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമവാർത്ത അറിഞ്ഞ്, കോഴിക്കോട് ബസ് സ്റ്റാൻഡിൽ വൻ പ്രതിഷേധമുയർന്നു.
കർണാടക ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതു തടഞ്ഞു. മൈസൂരുവിലേക്കു പോകാനിരുന്ന അഞ്ച് കെഎസ്ആർടിസി സർവീസുകളും നിർത്തിച്ചു. കർണാടക ആർടിസിയുടെ മൂന്നു സർവീസുകൾ തടഞ്ഞു, റിസവർവേഷൻ കൗണ്ടർ അടപ്പിച്ചു. വിജയന്റെ പരാതിയിൽ മൈസൂരു സിറ്റി പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നു കർണാടക ആർടിസി അധികൃതർ ഉറപ്പു നൽകുകയും ചെയ്തശേഷമാണു കോഴിക്കോട്ട് പ്രതിഷേധം അവസാനിപ്പിച്ചത്.
കോഴിക്കോട് സോണൽ ഓഫിസർ ജോഷി ജോണിന്റെയും സ്ക്വാഡ് ഐസി കെ.ടി. മനോജിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നു വൈകിട്ട് അഞ്ചോടെ സർവീസുകൾ പുനരാരംഭിച്ചു. ബസ് സർവീസുകൾ നിർത്തിവച്ചതു മൂലം മൈസൂരുവിനും ബെംഗളൂരുവിലേക്കും പോകേണ്ട ഒട്ടേറെ യാത്രക്കാർ കോഴിക്കോട്ടും മറ്റിടങ്ങളിലും കുടുങ്ങി.ചിലർ യാത്ര റദ്ദാക്കി.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചിനു കോഴിക്കോട്ടുനിന്നു മൈസൂരുവിലേക്കു പുറപ്പെട്ട ആർഎസ്സി 856 ബസിലെ ഡ്രൈവർ വിജയൻ, കണ്ടക്ടർ ബാബുരാജ് എന്നിവർക്കാണ് ആദ്യം മർദനമേറ്റത്. കേരള, കർണാടക ആർടിസി ജീവനക്കാർക്കായി മൈസൂരു ബസ് ടെർമിനലിനകത്തുള്ള ശുചിമുറിയിലാണു സംഭവം.
കർണാടക ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ രംഗയ്യ ഉൾപ്പെടെ ചേർന്നായിരുന്നു മർദനം. തടയാൻ ചെന്ന മറ്റു ജീവനക്കാർക്കും മർദനമേറ്റു. തിരിച്ചറിയൽ കാർഡ് ചോദിക്കുക മാത്രമാണു ചെയ്തതെന്ന് ആദ്യം കർണാടക ജീവനക്കാർ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ കർശനനടപടി സ്വീകരിക്കേണ്ടി വന്നു. ഇന്നലെ രാവിലെ ഏഴിനു കോഴിക്കോട്ടേക്കു തിരികെ പുറപ്പെടേണ്ട ബസ്, സംഭവത്തെ തുടർന്നു വൈകി.
വിജയൻ ആശുപത്രിയിലായതിനാൽ പകരം ഡ്രൈവറാണു വണ്ടിയോടിച്ചത്. വിജയൻ അടുത്തവർഷം സർവീസിൽ നിന്നു വിരമിക്കും. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് സോണൽ ഓഫിസർ ജോഷി ജോണും മറ്റും മൈസൂരു സന്ദർശിക്കും. യൂണിയൻ ഭാരവാഹികളും ഒപ്പമുണ്ടാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.