ബെംഗളൂരു : കാളവണ്ടിയിലും കുതിരവണ്ടിയിലും നഗരപ്രദക്ഷിണം നടത്താൻ താൽപര്യമുണ്ടെങ്കിൽ കുട്ടികളുമായി നേരെ കബൺ പാർക്കിലേക്കു പോകാം. ശിശുദിനാഘോഷത്തിന്റെ ഭാഗമായി കർണാടക വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മക്കളെ ഹബ്ബ’യിലാണ് (കുട്ടികളുടെ ഉൽസവം) ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാണാൻ അവസരമുള്ളത്.
കുട്ടികളുടെ വ്യക്തിത്വ വികസനവും ബുദ്ധിശക്തിയും പരീക്ഷിക്കാൻ ഒരുക്കിയ വിവിധ മൽസരങ്ങളാണു ഹബ്ബയിലെ പ്രധാന ആകർഷണം. ഒരുകാലത്തു ബെംഗളൂരുവിലൂടെ സർവീസ് നടത്തിയിരുന്ന ഡബിൾ ഡെക്കർ ബസുകളുടെ പുതിയ രൂപം കാണാനും ബസിനുള്ളിൽ കയറാനുമുള്ള അവസരമാണു ബിഎംടിസി ഒരുക്കിയിരിക്കുന്നത്.
കാവേരി എന്നു പേരിട്ടിരിക്കുന്ന ബസിൽ കയറിയാൽ ബിഎംടിസിയുടെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ഫോട്ടോ പ്രദർശനവും ആസ്വദിക്കാം. ഗ്രാമീണ അങ്ങാടിയിൽ എത്തിയാൽ അരിപൊടിക്കൽ, കളിമൺപാത്ര നിർമാണം എന്നിവയ്ക്കൊപ്പം ഗില്ലി ദൻഡു, ലാഗോരി, ചൗക്കാബാര, കുന്തുബില്ലെ, ബുഗാകി, മല്ലകമ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രാമീണ വിനോദങ്ങൾ പരിചയപ്പെടാനും കളിക്കാനും സൗകര്യമുണ്ട്.
സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അതിനുള്ള അവസരവുമുണ്ട്. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും വിവിധ മൽസരങ്ങളുണ്ട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു ബോധവൽക്കരണം ലക്ഷ്യമിട്ടു പോസ്റ്റർ പ്രദർശനങ്ങളും വിവിധ സ്റ്റാളുകളിലായി ഒരുക്കിയിരുന്നു.
പൂക്കളുടെ വർണവിസ്മയം തീർത്തു കബൺ പാർക്കിൽ പുഷ്പമേളയ്ക്കു തുടക്കമായി. മക്കളെ ഹബ്ബയുടെ ഭാഗമായാണു ഹോർട്ടികൾച്ചർ വകുപ്പിന്റെ നേതൃത്വത്തിൽ ബാന്റ് സ്റ്റാൻഡിനു സമീപം തുടർച്ചയായ മൂന്നാം വർഷവും പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ ലോട്ടസ് ക്ഷേത്രവും താജ്മഹലിന്റെ മാതൃകയുമാണ് ഒരുലക്ഷം റോസാപ്പൂക്കൾകൊണ്ടു നിർമിച്ചിരിക്കുന്നത്. മേളയോടനുബന്ധിച്ച് അലങ്കാര ചെടികളുടെ വിൽപനയും ഒരുക്കിയിട്ടുണ്ട്.