കലബുറഗിയിലെ സ്വകാര്യ ആശുപത്രികളിൽ സ്ട്രെച്ചർ പോലും നൽകാതെ രോഗികളെ വലച്ചതായും പരാതിയുണ്ട്. സമരത്തെ തുടർന്ന് ബെംഗളൂരു കെംപഗൗഡ മെഡിക്കൽ കോളജ്, വിക്ടോറിയ ആശുപത്രി, ബൗറിങ് ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും പതിവിലേറെ രോഗികൾ എത്തിയതോടെ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടിയും വന്നു. സമരത്തിന്റെ തലേദിവസം ആശുപത്രിയിലെത്തിയവരെയും അഡ്മിറ്റ് ചെയ്യാൻ ആശുപത്രികൾ മടികാണിച്ചുവെന്ന് ആരോപണമുണ്ട്. സമരം ചെയ്ത ഡോക്ടർമാർ ആശുപത്രികൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
സാധാരണക്കാരെ ചൂഷണം ചെയ്ത് വളരുന്ന ആരോഗ്യമേഖലയെ നിയന്ത്രിക്കാനാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നതെന്ന് ആരോഗ്യ മന്ത്രി കെ.ആർ.രമേശ്കുമാർ പറഞ്ഞു. ചികിൽസ നിരക്കുകൾ ഏകീകരിക്കുന്ന കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ല. പണമില്ലെന്ന പേരിൽ ചികിൽസ നിഷേധിക്കുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
സ്വകാര്യ ആശുപത്രികളെ തകർക്കാനാണു കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഐഎംഎ കർണാടക പ്രസിഡന്റ് എച്ച്.എൻ.രവീന്ദ്ര പറഞ്ഞു. ഡോക്ടർമാരുടെ സമരം സൂചന മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ ചികിൽസ നിരക്ക് സംബന്ധിച്ച് സർക്കാർ നിർദേശിച്ച കാര്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല.
സൂപ്പർസ്പെഷൽറ്റി ആശുപത്രികളിൽ മികച്ച ചികിൽസ ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ രംഗത്ത് ചികിൽസയുടെ നിരക്ക് മുൻകൂട്ടി നിശ്ചയിച്ച് നൽകാൻ സാധിക്കില്ല. ബിൽ പിൻവലിച്ചില്ലെങ്കിൽ ആശുപത്രികൾ അടച്ചുള്ള അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും രവീന്ദ്ര പറഞ്ഞു.