പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. ഉപ്പി–2, കൽപന, ഓട്ടോ ശങ്കർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ ആരാധകഹൃദയം കവർന്ന ‘റിയൽസ്റ്റാർ’ ഉപേന്ദ്ര ഉഡുപ്പി കുന്ദാപുര സ്വദേശിയാണ്. അൻപതോളം സിനിമകളിൽ അഭിനയിച്ചു. 10 സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യ ഇൻഷുറൻസ്, സ്മാർട് ഗ്രാമങ്ങൾ, കാർഷിക വികസനം, മികച്ച സാങ്കേതികവിദ്യ തുടങ്ങി ജനങ്ങൾക്ക് ഏറെ ആവശ്യമുള്ള കാര്യങ്ങൾക്കാണു പാർട്ടി ഊന്നൽ നൽകുകയെന്നു ഗാന്ധിഭവനിൽ നടന്ന പാർട്ടി പ്രഖ്യാപന ചടങ്ങിൽ ഉപേന്ദ്ര പറഞ്ഞു. ഗ്രാമീണർ അവഗണിക്കപ്പെടുകയാണ്. പദ്ധതികൾക്കായി വലിയ തുക അനുവദിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ഈ പണമെല്ലാം എവിടെ പോകുന്നുവെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.
അതിനാൽ രാഷ്ട്രീയത്തിൽ സൂക്ഷ്മതലംമുതലേയുള്ള പ്ലാനിങ്ങാണു കാലഘട്ടത്തിന്റെ ആവശ്യം. നാട്ടറിവുകളും ചെറുകിട വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം. തിരഞ്ഞെടുപ്പിന് ആറുമാസം മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ പുതിയ പാർട്ടി വിജയിക്കാൻ സാധ്യതയില്ലെന്നു പറയുന്നവരുണ്ടാകാം. മാറ്റം കൊണ്ടുവരാൻ ശ്രമം നടത്തുകയെന്നതാണു പ്രധാനം. സുതാര്യമായ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണു പാർട്ടിയുടെ പ്രധാന ലക്ഷ്യം. ഒരിക്കലും നടപ്പാക്കാത്ത പദ്ധതികളെക്കുറിച്ചുള്ള വാഗ്ദാനങ്ങളാണു തിരഞ്ഞെടുപ്പുവേളയിൽ നേതാക്കൾ നൽകുന്നത്. ഓരോതലത്തിലും നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചു ജനങ്ങൾ അറിയേണ്ടതുണ്ട്. കെപിജെപി ഇത്തരം പ്രവർത്തനമാണു ലക്ഷ്യമിടുന്നതെന്നും ഉപേന്ദ്ര പറഞ്ഞു.
സ്വന്തം പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ഉപേന്ദ്ര പ്രഖ്യാപിച്ചത് ഓഗസ്റ്റിലാണ്. കോളജ്പഠനകാലത്ത് എബിവിപി പ്രവർത്തകനായിരുന്നതിനാൽ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റിച്ച അദ്ദേഹം, മറ്റേതെങ്കിലും പാർട്ടിയുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ഓർത്തു വേവലാതിയില്ല. എന്നാൽ അധികാരത്തിലേറിയാൽ ജന–കേന്ദ്രീകൃത ഭരണമായിരിക്കും കെപിജെപി കാഴ്ചവയ്ക്കുക.
പാർട്ടി എല്ലാ സീറ്റുകളിലും ജയിക്കുകയോ തോൽക്കുകയോ ചെയ്തേക്കാം. എന്നാൽ പടിപടിയായുള്ള മാറ്റമല്ല, വിപ്ലവമാണു താൻ പ്രതീക്ഷിക്കുന്നത്. നടൻമാരായ യഷ്, ശിവരാജ്കുമാർ, സുദീപ് ഉൾപ്പെടെ കന്നഡ സിനിമാ ലോകത്തു പലരിൽനിന്നും തന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്തുണ ലഭിച്ചതായി ഉപേന്ദ്ര പറഞ്ഞു. എംജിആർ, ചിരഞ്ജീവ്, പവൻകല്യാൺ തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ രാഷ്ട്രീയത്തിലിറങ്ങി പരാജയപ്പെട്ടതു ശ്രദ്ധയിൽപെടുത്തിയപ്പോൾ താനൊരിക്കലും അവരെപ്പോലെയാകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി.