നഗരത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനും അതിവേഗം പരിഹാരം കാണാനും ബിബിഎംപിയുടെ ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ്പ്;റോഡിലെ കുഴിയെക്കുറിച്ചോ,നീക്കംചെയ്യാതെ കിടക്കുന്ന മാലിന്യത്തെ കുറിച്ചോ അറിയിച്ചാല്‍ ഉടന്‍ നടപടി.

ബെംഗളൂരു ∙ നഗരത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനും അതിവേഗം പരിഹാരം ഉണ്ടാക്കാനും വഴിതുറന്ന് ബെംഗളൂരു മഹാനഗരസഭയുടെ (ബിബിഎംപി) ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈൽ ആപ്പ്. റോഡിലെ കുഴിയോ നീക്കംചെയ്യാതെ കിടക്കുന്ന മാലിന്യമോ പ്രശ്നം എന്തായാലും ചിത്രമെടുത്ത് ആപ്പ് വഴി അയച്ചാൽ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നാണു ബിബിഎംപിയുടെ വാഗ്ദാനം.

ഓരോ വാർഡിന്റെയും ചുമതലയുള്ള എൻജിനീയർമാർക്ക് ആപ്പ് വഴി എസ്എംഎസ് അയയ്ക്കാനും സംവിധാനമുണ്ട്. പരാതികൾ അതത് എൻജിനീയർക്കു നേരിട്ടു ലഭിക്കുന്നതിനാൽ ഉടൻ നടപടി സ്വീകരിക്കാനാകും. ഓരോരുത്തരും നൽകിയ പരാതിയിൽ എന്തു നടപടി സ്വീകരിച്ചു, ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും പരാതിക്കാരനു ലഭിക്കും.

റോഡിലെ കുഴികളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഒരാഴ്ചയ്ക്കകം ഇവയെല്ലാം നികത്തുമെന്നും ബിബിഎംപി മേയർ ആർ.സമ്പത്ത് രാജ് പറഞ്ഞു. ഈ മാസം 22ന് അകം കുഴികൾ മുഴുവൻ നികത്തുമെന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പലയിടത്തും റോഡിലെ ഈർപ്പം പൂർണമായും മാറാത്തതിനാൽ അറ്റകുറ്റപ്പണി മന്ദഗതിയിലാണ്. ഇടവിട്ടു പെയ്ത മഴയിൽ പലയിടത്തും നികത്തിയ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. കുഴികൾ പൂർണമായും നികത്തിയ ശേഷമേ ‘ഫിക്സ് മൈ സ്ട്രീറ്റ്’ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത ആപ്പ് 25ന് എങ്കിലും പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

റോഡിലെ കുഴി നികത്താത്തതിനെതിരെ ‌അവയ്ക്കു സമീപം മന്ത്രിമാരുടെ ചിത്രം വരച്ച് പ്രതിഷേധം. ഇന്ദിരാനഗറിലാണു നവഭാരത് ഡെമോക്രാറ്റിക് പാർട്ടിയുടെ പേരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നഗരവികസനമന്ത്രി കെ.ജെ.ജോർജിന്റെയും ചിത്രങ്ങൾ വരച്ചു പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം കബൺ റോഡിൽ ചിത്രകാരൻ ബാദൽ നഞ്ചുണ്ടസ്വാമിയുടെ നേതൃത്വത്തിൽ മത്സ്യകന്യകയെ ‘കുഴിയിലിറക്കി’ പ്രതിഷേധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us