ബെംഗളൂരു ∙ പരിസ്ഥിതി പ്രേമികളുടെയും പരിസരവാസികളുടെയും കടുത്ത പ്രതിഷേധം ഫലം കണ്ടു. അൻപതിലേറെ മരങ്ങൾ സംരക്ഷിച്ചുകൊണ്ടു ജയമഹൽ റോഡിനു വീതികൂട്ടാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) തീരുമാനം. റോഡ് വികസനത്തിനു തടസ്സമായ 52 മരങ്ങൾ ഘട്ടംഘട്ടമായി പിഴുതെടുത്തു മാറ്റി നടും. റോഡ് വികസനം ഉടൻ ആരംഭിക്കുമെന്നു ബിബിഎംപി അറിയിച്ചു. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുതൽ മേക്കറി സർക്കിൾവരെയുള്ള റോഡിനു വീതി കൂട്ടാൻ 112 മരങ്ങളാണു മുറിച്ചുനീക്കാൻ തീരുമാനിച്ചത്.
എന്നാൽ പരിസ്ഥിതി പ്രേമികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയതോടെ റോഡിനു വീതികൂട്ടൽ അനിശ്ചിതമായി നീണ്ടു. മരങ്ങളിൽ പകുതിയോളം സംരക്ഷിക്കാമെന്ന ഉറപ്പാണു പദ്ധതിക്കു പുതുജീവൻ നൽകിയത്. 122 മരങ്ങളിൽ 52 എണ്ണമാണു മാറ്റിസ്ഥാപിക്കുക. ശേഷിച്ചവ മുറിച്ചുനീക്കുകയേ നിവൃത്തിയുള്ളൂ. അതേസമയം പദ്ധതിയുടെ ഭാഗമല്ലാത്ത മരങ്ങൾ മുറിക്കില്ലെന്നു ബിബിഎംപി ഉറപ്പു നൽകി. പിഴുതുമാറ്റുന്ന മരങ്ങൾ റോഡിനോടു ചേർന്നുതന്നെയാണു മാറ്റിസ്ഥാപിക്കുക. മഴക്കാലമായതിനാൽ മരങ്ങൾ മാറ്റിനടാൻ അനുയോജ്യമായ സമയമാണെന്നു ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യഘട്ടത്തിൽ 42 മരങ്ങളാണു മാറ്റിനടുക. കൂടുതൽ മരങ്ങൾ ഇത്തരത്തിൽ സംരക്ഷിക്കാൻ കഴിയുമോ എന്നും പരിശോധിക്കും. വികസനത്തിന്റെപേരിൽ ബെംഗളൂരുവിൽ മരങ്ങൾ മുറിച്ചുനീക്കുന്നതിനെതിരെ സമീപകാലത്ത് പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധം ശക്തമാണ്.
രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്കു പരിഹരിക്കാൻ ബസവേശ്വര സർക്കിൾ മുതൽ ഹെബ്ബാൾ വരെ 6.9 കിലോമീറ്റർ സ്റ്റീൽ മേൽപാലം നിർമിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി ഇത്തരം പ്രതിഷേധത്തെ തുടർന്നാണ് ഉപേക്ഷിക്കേണ്ടിവന്നത്. 1791 കോടി രൂപ ചെലവുവരുന്ന പദ്ധതിക്കായി 812 മരങ്ങൾ മുറിക്കേണ്ടിവരുമെന്നതായിരുന്നു പരിസ്ഥിതി പ്രേമികളുടെ എതിർപ്പിനു കാരണം. 42.3 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മ മെട്രോ ഒന്നാംഘട്ട നിർമാണത്തിനു രണ്ടായിരത്തിലേറെ മരങ്ങളാണു മുറിച്ചുനീക്കിയത്.
72 കിലോമീറ്റർ നീളമുള്ള രണ്ടാംഘട്ടത്തിന് എണ്ണൂറിലേറെ മരങ്ങളാണു മുറിച്ചുനീക്കേണ്ടിവരുക. എന്നാൽ പരിസ്ഥിതി പ്രേമികളുടെ എതിർപ്പിനെ തുടർന്നു രണ്ടാംഘട്ടം നിർമാണത്തിനായി മുറിച്ചുനീക്കാൻ അനുമതി തേടിയ മരങ്ങളിൽ 250 എണ്ണം മാറ്റി സ്ഥാപിക്കാൻ ബിബിഎംപി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനോട് (ബിഎംആർസിഎൽ) ആവശ്യപ്പെട്ടിരുന്നു.