മനോഹർ പരീക്കർ – പനജി (ഗോവ) പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന നിയമസഭയിലേക്കു മൽസരിച്ച മനോഹർ പരീക്കർക്കു വിജയം. ഗോവയിലെ പനജിയിൽനിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കർ ജയിച്ചത്. പരീക്കർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുക്കി പനജി നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ സിദ്ധാർഥ് കുൻകാലിങ്കറാണ് രാജിവച്ചത്. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ മനോഹർ പരീക്കർക്കും ബിജെപിക്കും ഈ തിരഞ്ഞെടുപ്പ് വളരെ നിർണായകമായിരുന്നു. നിയമസഭയിലേക്കു ജയിച്ചതിനാൽ അടുത്തയാഴ്ച പരീക്കർ രാജ്യസഭാംഗത്വം രാജിവയ്ക്കും.
ബവാന (ന്യൂഡൽഹി) ബവാനയിൽ എഎപി സ്ഥാനാർഥി റാം ചന്ദർ ലീഡ് തിരിച്ചുപിടിച്ചു. എട്ടാം റൗണ്ട് വോട്ടെണ്ണലിലാണ് എഎപി തിരിച്ചെത്തിയത്. കോൺഗ്രസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്. ആംആദ്മി എംഎൽഎയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നതോടെയാണു ബവാനയിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 70 അംഗ സഭയിൽ നിലവിൽ 65 അംഗങ്ങളാണ് ആംആദ്മിക്ക്. രാംചന്ദ്രയാണ് എഎപിയുടെ സ്ഥാനാർഥി.
വിശ്വജിത്ത് റാണെ – വാൽപോയ് (ഗോവ) കോൺഗ്രസ് എംഎൽഎയായിരുന്ന വിശ്വജിത്ത് റാണെ രാജിവച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വിജയം. 10,666 വോട്ടുകൾക്ക് കോൺഗ്രസിന്റെ റോയി നായിക്കിനെ പരാജയപ്പെടുത്തി. ബിജെപിയിൽ ചേർന്ന വിശ്വജിത്ത് റാണെ തന്നെയായിരുന്നു അവരുടെ സ്ഥാനാർഥി. നിലവിൽ ഗോവ ആരോഗ്യമന്ത്രിയാണ് റാണെ.
നന്ദ്യാൽ (ആന്ധ്രപ്രദേശ്) നന്ദ്യാലിൽ 250 പോസ്റ്റൽ വോട്ടുകളിൽ 39 എണ്ണം അസാധുവും 211 വോട്ടുകൾ നോട്ടയുമായിരുന്നു. ടിഡിപിയുടെ ഭൂമ ബ്രഹ്മാനന്ദ റെഡ്ഢിയാണു മുന്നിട്ടു നിൽക്കുന്നത്. ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. നന്ദ്യാലിൽ സിറ്റിങ് എംഎൽഎ മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.