ബെന്ഗലൂരു: ഭിന്ന ലിംഗക്കാർക്കും സമൂഹത്തിൽ തുല്യത വേണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു നഗരത്തിൽ നടന്ന റാലി ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശക്തിപ്രകടനമായി മാറി. ലൈംഗികത്തൊഴിലാഴികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സംയുക്ത സമിതിയായ സി.എസ്.എം.ആർ സംഘടിപ്പിച്ച പ്രൈഡ് മാർച്ചിൽ നാലായിരത്തിലേറെ പേരാണ് പങ്കെടുത്തത്. തുളസി പാർക്കിനടുത്തുനിന്നാരംഭിച്ച റാലി ടൗൺഹാളിനടുത്ത് അവസാനിച്ചു.
ദക്ഷിണേന്ത്യയിൽ ഭിന്ന ലിംഗക്കാർക്കുനേരെ നടക്കുന്ന അക്രമങ്ങളിലും പീഡനങ്ങളിലും പ്രതിഷേധിക്കാനാമ് നമ്മ പ്രൈഡ് മാർച്ച് സംഘടിപ്പിച്ചത്. സ്വവർഗാനുരാഗം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന 377- വകുപ്പ് പിൻവലിക്കണമെന്നും റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനുള്ള വേദികൂടിയായി റാലി മാറി. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് റാലിയുടെ മറ്റൊരു ലക്ഷ്യമെന്ന് സംഘാടകരിലൊരാളായ മധുമിത വെങ്കട്ടരാമൻ പറഞ്ഞു.
അടുത്തിടെ കൊല്ലപ്പെട്ട ഭിന്നലിംഗക്കാരെ സ്മരിച്ചുകൊണ്ടാണ് റാലി അവസാനിച്ചത്. ഇവരുടെ ഓർമയ്ക്കായി റാലിയിൽ പങ്കെടുത്തവർ മെഴുകുതിരികൾ കത്തിച്ചു. അന്താരാഷ്ട്ര ട്രാൻസ്്‌ജെൻഡർ ദിനത്തെ അനുസ്മരിപ്പിക്കുന്നതായി ഈ ചടങ്ങ്. ആധുനിക ഇന്ത്യയിൽ ജീവിക്കുന്ന സ്വവർഗാനുരാഗിയുടെ കഥപറയുന്ന മോഹന സ്വാമി എന്ന നോവലിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. പ്രശസ്ത കന്നഡ സാഹിത്യകാരൻ വസുധേന്ദ്ര ചന്ദയാണ് ഈ നോവൽ രചിച്ചത്.
റാലിയിൽ പങ്കെടുത്തവരിലേറെയും ബെംഗളൂരുവിൽനിന്നുള്ളവരായിരുന്നു. എന്നാൽ, റഷ്യ, ചെക്ക് റിപ്പബ്ലിക്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തിയവും റാലിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.