കുട്ടികളെ തട്ടിയെടുത്തു വില്പന നടത്തുന്ന സംഘത്തിന്റെ മുഖ്യകണ്ണി മലയാളി ഡോക്ടര്‍ തന്നെ.

മൈസൂരു: കുട്ടികളെ വിൽക്കുന്ന റാക്കറ്റിനെ കുറിച്ച് പലപ്പോഴും കേട്ടുകേൾവി മാത്രമേ നിലവിലുള്ളൂ. തെളിവുകളോടെ പിടികൂടുന്ന സംഭവങ്ങൽ വിരളമാണ് താനും. എന്നാൽ, തെരുവിൽ നിന്നടക്കം ഭിക്ഷക്കാരുടെയും അനാഥരുടെയും കുട്ടികളെ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനയായ മലയാൡയുവതി അടക്കം മൈസൂരിൽ അറസ്റ്റിലായി. വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയത് ഉഷ ഫ്രാൻസിസ് എന്ന മലയാളി സ്ത്രീയാണെന്നാണ് പൊലീസ് ഭാഷ്യം.

ഉഷ ഫ്രാൻസിസ് എന്ന ഈ സ്ത്രീയടക്കം ആറു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഉഷയുടെ ഭർത്താവ് ഫ്രാൻസിസ് ഇന്നലെ കുഞ്ഞിനെ മരുന്നുപെട്ടിയിലാക്കി കൊണ്ടുപോകവെ നഞ്ചൻഗുഡിൽ പിടിയിലായി. ഉഷ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് കഴിഞ്ഞു മൈസൂരു മണ്ഡി മൊഹല്ല പുലികേശി റോഡിൽ ക്ലിനിക് നടത്തുകയായിരുന്നു. ഇവിടത്തെ രണ്ടു നഴ്‌സുമാരും മറ്റ് ആശുപത്രികളിലെ രണ്ടു ഡ്രൈവർമാരും സർക്കാർ ആശുപത്രിയിലെ സോഷ്യൽ വർക്കറുമാണു കഴിഞ്ഞദിവസം അറസ്റ്റിലായ മറ്റുള്ളവർ.

വിദേശികൾക്കും മലയാളികൾക്കുമടക്കം ഇരുപതിലേറെ കുഞ്ഞുങ്ങളെ വിറ്റതായാണു സംശയം. ദരിദ്ര സ്ത്രീകൾക്കു പ്രസവ ശുശ്രൂഷ നടത്തിയ ശേഷം കുഞ്ഞുങ്ങളെ വിലപേശി വാങ്ങിയിട്ടുമുണ്ട്. മൈസൂരുവിന്റെ സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി എസ്‌പി രവി ഡി.ചന്നവർ അറിയിച്ചു. ഏപ്രിലിൽ നഞ്ചൻഗുഡിൽ നിന്നു മൂന്നുവയസ്സുകാരനെ കാണാതായ കേസിലെ അന്വേഷണമാണു റാക്കറ്റിലേക്കു വഴിതുറന്നത്. ഭിക്ഷാടകരുടെ മക്കളും അനാഥ കുട്ടികളുമായിരുന്നു പ്രധാന ഇരകൾ. കുട്ടികളെ നഷ്ടപ്പെട്ട എല്ലാവരും പരാതി നൽകിയിട്ടില്ല. അന്വേഷണത്തിനു വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ബാലമന്ദിരങ്ങളുടെയും സഹായവും പൊലീസ് തേടുന്നു.

കേരളത്തിലെയും ബെംഗളൂരുവിലെയും കുട്ടികളില്ലാത്ത ദമ്പതിമാർക്കായിരുന്നു മിക്ക കുട്ടികളെയും വിറ്റിരുന്നത്. വിദേശികൾക്കും ഇവർ കുട്ടികളെ കൈമാറിയിരുന്നു. ആശുപത്രിയിൽ നഴ്‌സുമാരുമാരായ ശ്രീമതി, രേണുക എന്നിവരായിരുന്നു ഉഷയെ സഹായിച്ചിരുന്നത്. ആശുപത്രികൾക്കും സംഭവത്തിൽ പങ്കുണ്ടോയെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഉഷയുടെ സ്വകാര്യ ക്ലിനിക്കിനെതിരെ കർണാടക സ്വകാര്യ മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്നു ജില്ലാ ആരോഗ്യ ഓഫിസർ ഡോ. ബി. ബസവരാജു പറഞ്ഞു.

മൈസൂരു പൊലീസ് അറസ്റ്റുചെയ്ത കുട്ടികളെ കടത്തുന്ന സംഘം കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി സൂചന. മൈസൂരുവിന്റെ വിവിധഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ഇവർ 20ലധികം കുട്ടികളെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവന്ന വിവരം. ലാബ് ടെക്‌നീഷ്യനായ ഉഷ, നഴ്‌സുമാരായ ശ്രീമതി, രേണുക, മോഹൻ, മഹേഷ്, വെങ്കിടേഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇവർക്കു പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഭിക്ഷാടകരുടെ കുട്ടികളെയും അനാഥ കുട്ടികളെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അച്ഛനോ അമ്മയോ മാത്രമുള്ള കുട്ടികളെയും സംഘം തട്ടിയെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസിന്റെ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നാലംഗ സംഘം രൂപവത്കരിച്ചിട്ടുണ്ട്. എ.എസ്‌പി മാരായ കലാ കൃഷ്ണവേണി, ദിവ്യ സാറാ തോമസ്, നഞ്ചൻകോട് ഇൻസ്‌പെക്ടർ രവികുമാർ, ജില്ലാ കുറ്റാന്വേഷണ ബ്യൂറോ ഇൻസ്‌പെക്ടർ ഗോപാലകൃഷ്ണ എന്നിവരാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us