ദില്ലി: നിയന്ത്രണ രേഖയില്‍ അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തി. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായിരുന്ന ഭീകര ക്യാമ്പുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്താനായെന്നും കരസേന മേധാവി ദർബീർ സിംഗ് സുഹാഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക നടപടികളെ കുറിച്ച് പാകിസ്ഥാനെ നേരത്തെ അറിയിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. രാവിലെ ആറുവരെ ഇത് നീണ്ടു. ഭീകര ക്യാമ്പുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന എട്ടു സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. നിയന്ത്രിതതലത്തിലുള്ള ആക്രമണമായിരുന്നു ഇതെന്ന് കരസേനാ മേധാവി വ്യക്തമാക്കി. വിദേശകാര്യ വക്താവ് വികാസ് സ്വരൂപിനെ ഒപ്പമിരുത്തിയായിരുന്നു കരസേനാ മേധാവിയുടെ വാര്‍ത്താസമ്മേളനം. ആക്രമണം നടത്തിയെന്ന കാര്യം വിദേശകാര്യ വക്താവ് വികാസ് സ്വരൂപും സ്ഥിരീകരിച്ചു.
ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്ഥാന് വിവരം നൽകിയിരുന്നെന്ന് അറിയിച്ച സൈനിക മേധാവി എവിടെയാണ് ആക്രമണം നടത്തിയതെന്ന തരത്തിലുള്ള വിശദാംശങ്ങൾ വ്യക്തമാക്കാൻ തയാറായില്ല. ഇന്ത്യന്‍ ആക്രമണത്തില്‍ നിരവധി ഭീകര ക്യാമ്പുകള്‍ തകര്‍ത്തതായും സൈനിക മേധാവി പറഞ്ഞു. ഭീകരര്‍ക്കെതിരെ മാത്രമല്ല അവരെ സഹായിക്കുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്കാന് കഴിഞ്ഞുവെന്നും കരസേനാ മേധാവി അവകാശപ്പെട്ടു.
എന്നാല്‍ എട്ടുമണിവരെ ഇന്ത്യന്‍ ആക്രമണം നീണ്ടുനിന്നുവെന്നാണ് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചതായി പാക്കിസ്ഥാന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമമെന്ന് കേന്ദ്ര സർക്കാരും സൈന്യവും വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.