തിരുവനന്തപുരം: കേരളത്തിൽ റോഡപകടങ്ങൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള പരീക്ഷകൾക്ക് പുറമെ ‘ഹസാഡ് ടെസ്റ്റ്’ കൂടി പുതുതായി ഉൾപ്പെടുത്തും. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പുതിയ പരിഷ്കാരം ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് മുന്നോടിയായി അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള അപേക്ഷകന്റെ കഴിവ് പരിശോധിക്കുന്ന രീതിയിലാണ് ഈ പരീക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റിന് ശേഷം ഒരു മാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റ്, തുടർന്ന് റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസങ്ങൾക്ക് ശേഷമായിരിക്കും ഹസാഡ് ടെസ്റ്റ് നടത്തുക. ഇത് പൂർത്തിയാക്കിയ ശേഷമേ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനാകൂ.
വീഡിയോ ഗെയിം മാതൃകയിലാണ് ഹസാഡ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയിൽ ആകെ പത്ത് വീഡിയോകൾ ഉണ്ടാകും. വീഡിയോകൾ പ്ലേ ചെയ്യുന്ന സമയത്ത് പെട്ടെന്നുണ്ടാകുന്ന അപകട സാഹചര്യങ്ങൾ കാണിക്കുകയും, അത്തരം സന്ദർഭങ്ങൾ അപേക്ഷകൻ എങ്ങനെ തരണം ചെയ്യുന്നുവെന്നും അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും വിലയിരുത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഓരോ വീഡിയോക്കും 10 മാർക്ക് വീതം പത്ത് വീഡിയോകൾക്കും കൂടി ആകെ 100 മാർക്കായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാകുക. ഇതിൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ ഹസാഡ് ടെസ്റ്റ് പാസാകാൻ സാധിക്കൂ. പുതിയ പരിശോധന കൂടി വരുന്നതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്നത് മുൻപത്തേക്കാൾ കുറച്ചുകൂടി പ്രയാസകരമാകും.
