ബെംഗളൂരു: ടിക്കറ്റ് നിരക്കുകൾക്ക് പുറമെ അധിക വരുമാനം ലക്ഷ്യമിട്ട് ബസുകളിൽ ഓഡിയോ പരസ്യ സംവിധാനം ഏർപ്പെടുത്താൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തീരുമാനിച്ചു. ഇതിനായി ഓഡിയോ പരസ്യ സംവിധാനം സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ടെൻഡറുകൾ കോർപ്പറേഷൻ ക്ഷണിച്ചു. ദക്ഷിണേന്ത്യയിൽ ഇത്തരമൊരു സംവിധാനം ആദ്യമായാണ് ഒരു പൊതുഗതാഗത സംവിധാനത്തിൽ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി നഗരത്തിൽ സർവീസ് നടത്തുന്ന 300 നോൺ-എസി ബിഎംടിസി ബസുകളിലാണ് ഓഡിയോ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുക. ബിഎംടിസിയുടെ റെഗുലർ, എക്സ്പ്രസ്, നൈറ്റ് സർവീസുകളിൽ ഇത് ലഭ്യമാകും. ടെൻഡർ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസിക്കായിരിക്കും സംവിധാനത്തിന്റെ ഇൻസ്റ്റാളേഷനും പരിപാലന ചുമതലയും. ഓരോ ബസിനും പ്രതിമാസ ഫീസ് വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്കായിരിക്കും കരാർ നൽകുക. ആവശ്യമെങ്കിൽ കരാർ കാലാവധി പിന്നീട് നീട്ടി നൽകും.
കന്നഡ ഭാഷയിലായിരിക്കും പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുക. ഓരോ സ്ലോട്ടിനും പരമാവധി 10 സെക്കൻഡ് ദൈർഘ്യമുണ്ടാകും. ഇംഗ്ലീഷ് വിവർത്തനം ഓപ്ഷണലായി ഉൾപ്പെടുത്താം. നിലവിലുള്ള ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിച്ച് ലൊക്കേഷൻ അധിഷ്ഠിത പരസ്യങ്ങൾ നൽകാനാണ് പദ്ധതി. സ്റ്റോപ്പ് അറിയിപ്പുകൾക്ക് തടസ്സമില്ലാത്ത രീതിയിലായിരിക്കും പരസ്യങ്ങൾ ക്രമീകരിക്കുക. ആകെ സംപ്രേഷണ സമയത്തിന്റെ 10 ശതമാനം ബിഎംടിസിയുടെ സ്വന്തം അറിയിപ്പുകൾക്കും പൊതുജനസന്ദേശങ്ങൾക്കുമായി മാറ്റിവെക്കും. വിജയം കണ്ടാൽ കൂടുതൽ ബസുകളിലേക്ക് സേവനം വ്യാപിപ്പിക്കും.
അതേസമയം, യാത്രക്കാരുടെ സൗകര്യത്തിന് പ്രാധാന്യം നൽകുമെന്നും ശബ്ദപരിധിയും ഗുണനിലവാരവും നിയന്ത്രിക്കുമെന്നും ബിഎംടിസി വ്യക്തമാക്കുന്നുണ്ടെങ്കിലും യാത്രക്കാരിൽ ഒരു വിഭാഗം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ പരസ്യങ്ങൾ അമിത ശബ്ദത്തിൽ വയ്ക്കുന്നത് അസൗകര്യത്തിന് ഇടയാക്കുമെന്നും, ഇത് കണ്ടക്ടർമാരും യാത്രക്കാരും തമ്മിൽ തർക്കങ്ങൾക്ക് കാരണമായേക്കാമെന്നുമാണ് ഇവരുടെ നിലപാട്. ബസ് സ്റ്റോപ്പ് അറിയിപ്പുകളെ ഒരു കാരണവശാലും പരസ്യങ്ങൾ ബാധിക്കരുതെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
