തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാഘടനയിൽ നിർണായക മാറ്റത്തിനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഇനി നിലവിലുള്ള പരീക്ഷകൾക്ക് പുറമെ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന ‘ഹസാഡ് പെർഷെപ്ഷൻ ടെസ്റ്റ്’ കൂടി പാസാകണം. അന്താരാഷ്ട്ര നിലവാരത്തിൽ നടപ്പിലാക്കുന്ന ഈ പുതിയ പരീക്ഷണ രീതി രാജ്യത്താദ്യമായി നടപ്പിലാക്കുന്നത് കേരളത്തിലാണ്. പുതിയ പരിഷ്കാരം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.
ലേണേഴ്സ് ലൈസൻസ് ലഭിച്ച് 30 ദിവസത്തിന് ശേഷമായിരിക്കും ഈ ടെസ്റ്റ് നടക്കുക. ഹസാഡ് ടെസ്റ്റ് പാസായതിനു ശേഷം മാത്രമേ അപേക്ഷകർക്ക് ഗ്രൗണ്ട് ടെസ്റ്റിലും റോഡ് ടെസ്റ്റിലും പങ്കെടുക്കാൻ സാധിക്കൂ. ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകൾ അടങ്ങുന്നതായിരിക്കും പരീക്ഷ. ഓരോ ക്ലിപ്പിലും റോഡിലെ രണ്ട് തടസ്സങ്ങൾ വീതമുണ്ടാകും. കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഈ വീഡിയോകൾ കണ്ട് കൃത്യസമയത്ത് അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് മൗസ് ക്ലിക്ക് ചെയ്യുകയാണ് ചെയ്യേണ്ടത്. നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായി പ്രതികരിച്ചാൽ പൂർണ മാർക്കായ 10 മാർക്ക് ലഭിക്കും. പ്രതികരിക്കാൻ വൈകുന്നതിനനുസരിച്ച് മാർക്ക് കുറയും. പരീക്ഷയിൽ ആകെ 100-ൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ തുടർപരിശോധനകളിലേക്ക് കടക്കാനാകൂ.
ഡ്രൈവർമാരുടെ അശ്രദ്ധയും അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിലെ പിഴവുമാണ് ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിലവിലുള്ള ലൈസൻസിങ് മാതൃക പിൻതുടർന്നാണ് സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നത്. ഇതിനായി ഒക്ടോബർ 1 മുതൽ ഡ്രൈവിങ് സ്കൂളുകളിൽ ആവശ്യമായ പരിശീലന സൗകര്യങ്ങൾ സജ്ജമാക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി. ഓപ്പൺ സോഴ്സ് ടൂളുകൾ ഉപയോഗപ്പെടുത്തി പരീക്ഷാർഥികൾക്ക് മൂന്ന് മാസം പരിശീലനം നൽകാനാണ് ഡ്രൈവിങ് സ്കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
