ബെംഗളൂരു: മാലിന്യങ്ങൾ തരംതിരിക്കാതെ നിക്ഷേപിച്ചതിനെ തുടർന്ന് പ്രമുഖ ക്വിക്ക് കൊമേഴ്‌സ് ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോയുടെ (Zepto) ഹോരമാവുവിലെ സ്റ്റോറിന് ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ 15,000 രൂപ പിഴ ചുമത്തി. ഞായറാഴ്ച കോർപ്പറേഷൻ ഉദ്യോഗസ്ഥരും മാർഷലുകളും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ഹോരമാവ് വാർഡ് 25-ലെ രാഘവേന്ദ്ര സർക്കിളിന് സമീപമുള്ള സെപ്റ്റോ സ്റ്റോറിലാണ് പരിശോധന നടന്നത്. വലിയ അളവിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനമെന്ന നിലയിൽ (Bulk Waste Generator) പാലിക്കേണ്ട കർശനമായ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ഇവർ ലംഘിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജൈവ-അജൈവ (ഈർപ്പമുള്ളതും ഉണങ്ങിയതുമായ) മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കണമെന്ന നിർദേശം ഇവിടെ പാലിച്ചിരുന്നില്ല.
നഗരത്തിലുടനീളം വാണിജ്യ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും മാലിന്യ സംസ്കരണ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കോർപ്പറേഷൻ ഇത്തരം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
