മംഗളൂരുവിനെ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂരു ഡിവിഷന്റെ കീഴിലാക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഇത് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചകളും നടത്താതെയും വിവരമറിയിക്കാതെയുമാണ് ഈ തീരുമാനമെടുത്തത്. റെയിൽവേയുടെ ഈ നടപടിയിൽ കേന്ദ്രത്തെ എതിർപ്പ് അറിയിക്കുക എന്നത് കേരളത്തിന്റെ പൊതുവായ ആവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. തന്ത്രപ്രധാനമായ മംഗളൂരു ജംഗ്ഷനെ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്നും വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറ്റുന്നത് ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും വൻ നഷ്ടമുണ്ടാക്കും. വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയക്കുമെന്നും എം.പിമാരുടെ സഹകരണത്തോടെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും സതീശൻ പറഞ്ഞു.
റെയിൽവേ ബോർഡിന്റെ ഈ നടപടിയെ വിമർശിച്ചുകൊണ്ട് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തി. മലബാർ മേഖലയോടും കേരളത്തോടും റെയിൽവേ തുടരുന്ന രണ്ടാനമ്മ നയത്തിന്റെ ഉദാഹരണമാണിതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ന്യൂ മംഗളൂരു പോർട്ട് അതോറിറ്റി ഉൾപ്പെടുന്ന പ്രദേശം നഷ്ടപ്പെട്ടാൽ, ഭാവിയിൽ ലാഭകരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പാലക്കാട് ഡിവിഷനെ തിരുവനന്തപുരം അല്ലെങ്കിൽ സേലം ഡിവിഷനുമായി ലയിപ്പിക്കാൻ ഇടയാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
സംസ്ഥാനത്തെ ജനപ്രതിനിധികളെയോ സർക്കാറിനെയോ അറിയിക്കാതെ ഒറ്റരാത്രികൊണ്ടാണ് തീരുമാനമെടുത്തതെന്ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനും ആരോപിച്ചു. പാലക്കാട് ഡിവിഷന്റെ വരുമാനവും ഫണ്ടും വെട്ടിക്കുറച്ച് അതിനെ ദുർബലപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ഇതിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരുവിനെ ഒഴിവാക്കുന്നതോടെ പാലക്കാടിന് ദീർഘദൂര ട്രെയിനുകൾ ഇല്ലാതാകുമെന്നും ഇത് കേരളത്തിന്റെ മൊത്തത്തിലുള്ള റെയിൽവേ വികസനത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
