വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും സാമ്പത്തികമായി കബളിപ്പിക്കുകയും ചെയ്തതായി കാട്ടി പ്രമുഖ പ്രവാസി സംഘടനാ നേതാവിനെതിരെ മലയാളി യുവതി പൊലീസിൽ പരാതി നൽകി. യു.എ.ഇയിലെ പ്രമുഖ പ്രവാസി സംഘടനയുടെ നാഷനൽ കമ്മിറ്റി സെക്രട്ടറിയും ബിസിനസുകാരനുമായ ആലപ്പുഴ സ്വദേശിക്കെതിരെ തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് ദുബായ് പൊലീസിനും കേരള ഡി.ജി.പിക്കും പരാതി നൽകിയത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ച പ്രതി തനിക്കെതിരെ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും സംഭവത്തിൽ കേസെടുത്ത് നീതി ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് യുവതി ഈ പ്രവാസി സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. രണ്ട് കുട്ടികളുടെ അമ്മയും കുടുംബത്തിന്റെ ഏക അശ്രയവുമായ യുവതി കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെ കടന്നുപോകവെയാണ് ആലപ്പുഴ സ്വദേശിയുമായി സൗഹൃദത്തിലാകുന്നത്. ബാങ്ക് വായ്പകൾ വീട്ടാമെന്നും മക്കളുടെ ഭാവി സംരക്ഷിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയുടെ വിശ്വാസ്യത നേടിയെടുത്തത്. എന്നാൽ പിന്നീട് വായ്പ അടച്ചുതീർക്കുന്നതിലും വിവാഹക്കാര്യത്തിലും ഉറപ്പുപാലിക്കാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ മകളുടെ വിവാഹശേഷം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
മകളുടെ വിവാഹശേഷവും വാഗ്ദാനങ്ങൾ പാലിക്കാതെ വന്നതോടെ ദുബായ് ഖിസൈസിലെ സ്ഥാപനത്തിലെത്തി കാര്യം തിരക്കിയ യുവതിയോട് ഇയാൾ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഈ സ്ഥാപനത്തിലെ മറ്റു രണ്ട് വനിതാ ജീവനക്കാരോടും ഇയാൾ വീസ തട്ടിപ്പും മാനസിക പീഡനവും നടത്തിയതായി വിവരമുണ്ടെന്നും യുവതി വെളിപ്പെടുത്തി. തനിക്കുണ്ടായ അനീതിയെക്കുറിച്ച് സംഘടനയുടെ മുതിർന്ന ഭാരവാഹികളോടും പ്രതിയുടെ ബന്ധുവായ പ്രമുഖ വ്യവസായിയോടും പരാതിപ്പെട്ടെങ്കിലും അവർ മോശമായി പെരുമാറി അപമാനിക്കുകയാണുണ്ടായത്. തുടർന്ന് തനിക്കെതിരെ ലൈംഗികച്ചുവയുള്ള വ്യാജ കഥകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനും ശ്രമം നടന്നു.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ദുബായിൽ തിരിച്ചെത്തിയ യുവതി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. സംഘടനയിലെ പ്രമുഖർ ഇയാളെ ഒളിവിൽ പോകാൻ സഹായിക്കുകയാണെന്നും യുവതി ആരോപിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ച തനിക്ക് അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ നോക്കാൻ മറ്റു വഴികളില്ലാത്തതിനാലാണ് വാഗ്ദാനങ്ങൾ വിശ്വസിച്ചതെന്നും ചൂഷണങ്ങൾക്ക് തെളിവുകൾ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]