ബെംഗളൂരു: ഡ്രൈവർമാരുടെ നിരുത്തരവാദപരമായ വാഹനമോടിക്കലും അധികൃതരുടെ അനാസ്ഥയും കാരണം ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയിൽ ജീവൻപൊലിയുന്ന അപകടങ്ങൾ പതിവാകുന്നു. ടോൾ തുക ലാഭിക്കുന്നതിനായി വാഹനങ്ങൾ തെറ്റായ ദിശയിലൂടെ (റോങ് സൈഡ്) സഞ്ചരിക്കുന്നതാണ് പാതയിൽ വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നത്. കഴിഞ്ഞ ദിവസം മാണ്ഡ്യയ്ക്ക് സമീപം അമിതവേഗത്തിലെത്തിയ കാർ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
ശ്രീരംഗപട്ടണ ടോൾ പ്ലാസയിലെ തുക ഒഴിവാക്കാൻ വലിയ ട്രക്കുകളും ബസുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടകരമായ വഴികൾ തിരഞ്ഞെടുക്കുന്നത്. സർവീസ് റോഡിലൂടെ വന്ന് എക്സ്പ്രസ് വേയുടെ എക്സിറ്റുകളിലൂടെ വിപരീത ദിശയിൽ കയറുന്ന പ്രവണതയാണ് ഡ്രൈവർമാർ കാണിക്കുന്നത്. പ്രവേശന, നിർഗമന കവാടങ്ങളിലെ ഈ നിയമലംഘനം കാരണം ദിവസേനയെന്നോണം അപകടങ്ങൾ നടക്കുന്നത് പ്രദേശവാസികളെയും മറ്റ് യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നു. ഈ വിഷയത്തിൽ ജനങ്ങളിൽ നിന്ന് തുടർച്ചയായി പരാതികൾ ഉയർന്നിട്ടും ദേശീയപാത അതോറിറ്റിയും പൊലീസും നടപടിയെടുക്കാതെ കണ്ണടയ്ക്കുകയാണെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
