ബെസ്കോമിന്റെ ഇരട്ടത്താപ്പ്: സൗജന്യ വൈദ്യുതി പദ്ധതിയിൽ ബെംഗളൂരുവിലെ സാധാരണക്കാർക്ക് കിട്ടിയത് ആയിരങ്ങളുടെ ബില്ല്!

grihajyothi

ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ ഗ്യാരണ്ടി പദ്ധതിയായ ‘ഗൃഹജ്യോതി’യുടെ ഗുണഭോക്താക്കൾക്ക് ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലുകൾ നൽകി ബെസ്കോം (BESCOM). കഴിഞ്ഞ രണ്ട് വർഷമായി പൂജ്യം (Zero) ബില്ലുകൾ ലഭിച്ചുകൊണ്ടിരുന്ന പാവപ്പെട്ട കുടുംബങ്ങൾക്കാണ് ഇപ്പോൾ ഭീമമായ തുകയുടെ ബില്ലുകൾ ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ബെസ്കോമിനെതിരെ കടുത്ത അമർഷവും രോഷവും പ്രകടിപ്പിച്ച് ഉപഭോക്താക്കൾ രംഗത്തെത്തി.

ബെംഗളൂരു ശിവാജിനഗർ മണ്ഡലത്തിലെ ഭാരതി വാർഡിലുള്ള മഖാൻ കോമ്പൗണ്ട് പ്രദേശത്താണ് ഈ പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന പദ്ധതി നടപ്പിലായി മൂന്ന് വർഷം പിന്നിടുമ്പോഴാണ് ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് 1,500 രൂപ മുതൽ 5,000 രൂപ വരെയുള്ള ബില്ലുകൾ നൽകിയിരിക്കുന്നത്. സർക്കാരിന്റെ പുതിയ മാനദണ്ഡ മാറ്റങ്ങളോ സാങ്കേതിക തകരാറുകളോ ആണ് ഇതിന് പിന്നിലെന്നാണ് സൂചന.

പ്രശ്നം ബെസ്കോം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ പൂർണ്ണമായ പരിഹാരമായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എസ്.ഐ.ആർ പ്രക്രിയകളിലും വീടുകളിലെ വെരിഫിക്കേഷൻ ജോലികളിലും മീറ്റർ റീഡർമാർ തിരക്കിലായതിനാൽ ചില സ്ഥലങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതാണ് ബിൽ തുക ഉയരാൻ കാരണമായതെന്നാണ് ബെസ്കോം ജീവനക്കാരുടെ വിശദീകരണം. ബെംഗളൂരുവിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയിൽ ‘സീറോ ബില്ലുകൾ’ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts