ചോദിക്കാൻ ആളില്ല, പരാതിപ്പെടാൻ വഴിയില്ല! ബോർഡിൽ ഒരു വില, കൈയ്യിൽ കിട്ടുമ്പോൾ വേറൊന്ന്! എം.ജി റോഡിലെ ‘പാർക്കിംഗ് കൊള്ള’ ഇങ്ങനെ

ബെംഗളൂരു: എം.ജി റോഡിലും സമീപ തെരുവുകളിലും പാർക്ക് ചെയ്യുന്ന വാഹന ഉടമകളിൽ നിന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (ബി.സി.സി.സി) നിർദ്ദേശിച്ച നിരക്കിനേക്കാൾ ഇരട്ടി തുക ഈടാക്കുന്നതായി പരാതി. അധിക തുക ഈടാക്കുന്നതിനെതിരെ പരാതി നൽകാൻ കാര്യക്ഷമമായ സംവിധാനങ്ങളൊന്നുമില്ലാത്തതാണ് കരാറുകാർക്ക് തട്ടിപ്പ് തുടരാൻ തുണയാകുന്നതെന്ന് വാഹന ഉടമകൾ ആരോപിക്കുന്നു.

ഔദ്യോഗിക പാർക്കിംഗ് ബോർഡുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപ എന്ന് വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, സെപ്റ്റംബർ 18-ന് നൽകിയ പാർക്കിംഗ് രസീതിൽ ഒരു മണിക്കൂറിന് 30 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ബോർഡിലെ നിരക്ക് അനുസരിച്ച് നാലുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ഒരു മണിക്കൂറിന് 30 രൂപ ഈടാക്കേണ്ടത്. എം.ജി റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ് തുടങ്ങി നഗരത്തിലെ പ്രധാന പാതകളിലെ പാർക്കിംഗ് നിയന്ത്രിക്കുന്ന ‘എസ്.കെ ഇൻഫോടെക്’ എന്ന സ്വകാര്യ ഏജൻസിയാണ് ഈ രസീത് നൽകിയിരിക്കുന്നത്.

2025 സെപ്റ്റംബർ 12 മുതൽ 2028 സെപ്റ്റംബർ 12 വരെയുള്ള മൂന്ന് വർഷത്തെ കരാറിലാണ് ഏജൻസി പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടിനൽകാനും വ്യവസ്ഥയുണ്ട്. എന്നാൽ സ്വകാര്യ ഏജൻസിയും കോർപ്പറേഷനും തമ്മിലുള്ള വരുമാന പങ്കിടൽ മാതൃകയെക്കുറിച്ച് വ്യക്തതയില്ല. കൂടുതൽ റോഡുകളിൽ ‘പേ ആൻഡ് പാർക്ക്’ സംവിധാനം ഏർപ്പെടുത്താൻ കോർപ്പറേഷൻ ലക്ഷ്യമിടുന്നതിനിടെയാണ് ഇത്തരത്തിലുള്ള ക്രമക്കേടുകൾ പുറത്തുവരുന്നത്. വിഷയത്തിൽ പ്രതികരണത്തിനായി കോർപ്പറേഷൻ കമ്മീഷണർ ജി. ജഗദീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ കോളുകളോട് പ്രതികരിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts