ബെംഗളൂരു : അകാശ എയറിന്റെ ആഭ്യന്തര സർവീസുകളിൽ വളർത്തുമൃഗങ്ങളുമായുള്ള യാത്രകളിൽ (പെറ്റ് ട്രാവൽ) ഒന്നാം സ്ഥാനത്ത് ബംഗളൂരു. എയർലൈൻസിന്റെ ആകെ പെറ്റ് ട്രാവൽ യാത്രകളിൽ 30 ശതമാനത്തിലധികവും ബംഗളൂരുവിൽ നിന്നാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ പെറ്റ് ട്രാവൽ കേന്ദ്രങ്ങളിൽ പ്രധാന നഗരമായി ബംഗളൂരു മാറി.
2022 നവംബറിൽ സേവനം ആരംഭിച്ചത് മുതൽ ബംഗളൂരുവിൽ നിന്ന് മാത്രം 3,700-ലധികം വളർത്തുമൃഗങ്ങളുടെ യാത്രകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2023-24 കാലയളവിൽ 856 യാത്രകൾ നടന്ന സ്ഥാനത്ത് 2025-26 ആയപ്പോഴേക്കും ഇത് 1,310 ആയി ഉയർന്നു. 53 ശതമാനത്തിന്റെ വർദ്ധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.
അകാശ എയറിന്റെ പെറ്റ് ട്രാവലിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ആദ്യ അഞ്ച് റൂട്ടുകളിൽ മൂന്നെണ്ണം ബംഗളൂരുവിൽ നിന്നുള്ളവയാണ്. ഡൽഹി, കൊൽക്കത്ത, ഗ്വാഹാത്തി എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഭുവനേശ്വർ, പൂനെ, ലഖ്നൗ ഉൾപ്പെടെ 16 കേന്ദ്രങ്ങളിലേക്ക് ബംഗളൂരുവിൽ നിന്നുള്ള യാത്രക്കാർ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ എയർലൈൻസിന്റെ ഏറ്റവും സ്ഥിരമായി യാത്ര ചെയ്യുന്ന 10 പെറ്റ് ട്രാവലേഴ്സിൽ പകുതി പേരും ബംഗളൂരുവിൽ നിന്നുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
