ബെംഗളൂരു: ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി മലയാളി യുവാവിനെ കവർച്ച ചെയ്തു. ഹൊസ്മാറ്റ് ആശുപത്രിയിലെ റേഡിയോഗ്രഫറും കോഴിക്കോട് പാലാഴി സ്വദേശിയുമായ വിമൽദേവിനെ (23) യാണ് ആറംഗസംഘം ബുധനാഴ്ച രാത്രി 12 മണിയോടെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് വിക്ടോറിയ ലേഔട്ടിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. 2000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിമൽദേവിനെ രണ്ട് ബൈക്കുകളിലെത്തിയ സംഘം വളയുകയായിരുന്നു. പണവും മൊബൈൽ ഫോണും നൽകാൻ വിസമ്മതിച്ചപ്പോൾ ഇരുമ്പുവടി കൊണ്ട് വിമൽദേവിന്റെ തലയ്ക്കടിക്കടിച്ചു വീഴ്ത്തുകയായിരുന്നു. കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അൾസൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
നഗരത്തിൽ ഭീതി പരത്തി കവർച്ചാ സംഘങ്ങളുടെ വിളയാട്ടം തുടരുമ്പോഴും ഇരുട്ടിൽതപ്പി പൊലീസ്. ആർമി സർവീസ് കോർ സെന്ററിന് സമീപത്തുള്ള വിക്ടോറിയ ലേഔട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. രാത്രി പത്ത് കഴിഞ്ഞാൽ കാൽനടയാത്രക്കാർ കുറയുന്ന റോഡിൽ ഇതിന് മുൻപും സമാനമായ രീതിയിൽ കവർച്ചകൾ അരങ്ങേറിയിട്ടുണ്ട.്
ഹൊസ്മാറ്റ് ആശുപത്രി ജംക്‌ഷനിൽനിന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട്സ് ഓഫിസ് സ്ഥിതി ചെയ്യുന്ന ലോവർ അഗര റോഡിൽ തെരുവ് വിളക്കുകൾ പോലും രാത്രി പലപ്പോഴും തെളിയാറില്ല. ഓസ്റ്റിൻ ടൗൺ, നീലസന്ദ്ര, വണ്ണാർപേട്ട്, വിവേക്നഗർ എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴി കൂടിയായ വിക്ടോറിയ ലേഔട്ടിൽ രാത്രി പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.