ബെംഗളൂരു: നമ്മ മെട്രോയുടെ നിർദ്ദിഷ്ട ഓറഞ്ച് ലൈൻ ഇടനാഴിക്ക് സമാന്തരമായി 37 കിലോമീറ്റർ ദൈർഘ്യത്തിൽ ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമിക്കാനുള്ള നീക്കം മെട്രോ റെയിൽ സംവിധാനത്തിന്റെ ലക്ഷ്യപ്രാപ്തിയെയും കാര്യക്ഷമതയെയും ബാധിക്കുമെന്ന് പ്രമുഖ പൊതുമേഖലാ കൺസൾട്ടൻസി സ്ഥാപനമായ ‘റൈറ്റ്സ്’ (RITES) മുന്നറിയിപ്പ് നൽകി. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) ബോർഡിന്റെ നിർദ്ദേശപ്രകാരം പദ്ധതിയുടെ ആഘാതങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് റൈറ്റ്സ് ഈ നിരീക്ഷണം നടത്തിയത്.
മെട്രോ പാതയ്ക്ക് താഴെയായി തുടർച്ചയായ ഫ്ലൈഓവർ നിർമിക്കുന്നത് പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന ലക്ഷ്യത്തെത്തന്നെ ദുർബലപ്പെടുത്തുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റോഡ് വികസനം വിപുലീകരിക്കുന്നത് യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്നതിന് പകരം സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനേ ഇടയാക്കൂ. അതിനാൽ, മെട്രോ പാതയിലുടനീളം ഫ്ലൈഓവർ നിർമിക്കുന്നതിന് പകരം കടുത്ത ഗതാഗതക്കുരുക്കുള്ള പ്രധാന ജംഗ്ഷനുകളിൽ മാത്രം ഫ്ലൈഓവറുകൾ നിർമിക്കാനാണ് റൈറ്റ്സ് ശുപാർശ ചെയ്യുന്നത്.
റോഡ് വികസനത്തിന് അമിത പ്രാധാന്യം നൽകുന്നത് സുസ്ഥിര നഗര മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന ‘ദേശീയ മെട്രോ റെയിൽ നയ’ത്തിന് വിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ, ഇത് മെട്രോ പദ്ധതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന വലിയ സാമൂഹിക-പരിസ്ഥിതി ഗുണങ്ങളെ പരിമിതപ്പെടുത്തും. ഡബിൾ ഡെക്കർ ഫ്ലൈഓവർ ഉൾപ്പെടുത്തിയാൽ പദ്ധതിയുടെ സാമ്പത്തിക ലാഭക്ഷമത (EIRR) നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡമായ 14 ശതമാനത്തിന് താഴെയായിരിക്കും. എന്നാൽ മെട്രോ മാത്രമാണ് നിർമിക്കുന്നതെങ്കിൽ ലാഭക്ഷമത 17 ശതമാനമായി ഉയരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
റൈറ്റ്സ് സമർപ്പിച്ച ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും പദ്ധതിയുടെ ഭാവി തീരുമാനിക്കുക. ബിഎംആർസിഎൽ ഈ റിപ്പോർട്ട് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അതിനുശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]