ബെംഗളൂരു: ഹെബ്ബാൾ ജംഗ്ഷനിലെ ഗതാഗത പ്രശ്നത്തിന് വരും ദിവസങ്ങളിൽ അൽപം ശമനമുണ്ടാകുമെന്ന് സൂചന. അധിക പാതയുടെ ഡൗൺ റാമ്പിന്റെ അടിസ്ഥാന ജോലികൾ ജൂലൈ 19-നകം പൂർത്തിയാകും,
അടുത്ത ആഴ്ച മുതൽ ഹെബ്ബാൾ റോഡിൽ ഗതാഗതം പുനരാരംഭിക്കാൻ ഉയർന്ന സാധ്യതയുണ്ട്. നിലവിൽ ഹെബ്ബാൾ മേൽപ്പാലത്തിലെ സെൻട്രൽ മീഡിയനും ട്രാഫിക് പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. എയർപോർട്ട് റൂട്ടിൽ നിന്നുള്ള വാഹനങ്ങൾക്ക് ഗതാഗതം സുഗമമാക്കി.
ഗതാഗതപ്രശ്നം കുറയ്ക്കാൻ ബിഡിഎ ഒരു അധിക ഡൗൺ റാമ്പിന് അടിത്തറയിടുകയാണ്. സർവീസ് റോഡിലെ ഡൗൺ റാംപ് ജോലികൾ അന്തിമഘട്ടത്തിലെത്തിയതായി സ്ഥലം പരിശോധിച്ച ബിഡിഎ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ജൂലായ് 19-നകം സർവീസ് റോഡിൽ രണ്ടിടത്ത് അടിത്തറ പണി പൂർത്തിയാക്കി അടച്ചിടും. സർവീസ് റോഡിൽ ഉടൻ ഗതാഗതം പുനരാരംഭിക്കുമെന്ന് ബിഡിഎ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (എഇഇ) ആർ.സുരേഷ് പറഞ്ഞു.
താഴത്തെ റാമ്പിന് അടിത്തറ പാകിയശേഷം പാർശ്വഭിത്തി നിർമാണം തുടങ്ങിയ പ്രവൃത്തികൾ നടത്തണം. അതിനാൽ പദ്ധതി പൂർത്തീകരിക്കാൻ ഒന്നര വർഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ അടിക്കടി മഴ പെയ്യുന്നതിനാൽ പണി തടസ്സപ്പെടുന്നുണ്ട്. മഴ കാരണം എല്ലാ ദിവസവും ജോലികൾ മണിക്കൂറുകളോളം വൈകും. രണ്ട് സ്ഥലങ്ങളും കോൺക്രീറ്റ് ചെയ്ത് സീൽ ചെയ്യാൻ മൂന്ന് ദിവസമെടുക്കുമെന്നും കരാറുകാരൻ അറിയിച്ചിട്ടുണ്ട്.
അതെസമയം ഗതാഗത പ്രശ്നം പരിഹരിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിവിധ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. യോഗത്തിൽ നഗരത്തിലെ ഗതാഗത പ്രശ്നവും പരിഹാരവും സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.