ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ അനധികൃതമായി കന്നുകാലികളെ കടത്തിയതിന് നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായ ഹാസനിലെ അർക്കൽഗുഡിൽ നിന്ന് ചെന്ന കേശവ, ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിൽ നിന്നുള്ള പുഷ്പരാജ്, പ്രമോദ് സാലിയൻ, ഹാസനിലെ ഹോളനരസിപുരിൽ നിന്നുള്ള സന്ദീപ് എന്നിവർ പ്രാദേശിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകരാണെന്ന് ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നാല് പ്രതികൾക്കും ബിജെപിയുമായുള്ള ബന്ധം ദക്ഷിണ കന്നഡ പോലീസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടില്ല .വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 12 ന് ധർമ്മസ്ഥല സബ് ഇൻസ്‌പെക്ടർ അനിൽ കുമാറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് നാല് പേരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ധർമസ്ഥല കന്യാടിയിലെ രാമക്ഷേത്രത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് നാലുപേരും കന്നുകാലികളെ കടത്തുന്നത് പോലീസ് കണ്ടെത്തിയത്. പ്രതികൾ ആറ് പശുക്കളെയും രണ്ട് ആൺ കിടാവുകളെയും കടത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.
കന്നുകാലികളുടെ വില ഏകദേശം 65,000 രൂപയാണ്. പ്രതികളിൽ നിന്ന് 2.5 ലക്ഷം രൂപ വിലയുള്ള രണ്ട് പിക്കപ്പ് ട്രക്കുകളും രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഒരു ടാറ്റ എയ്‌സ് മിനി ട്രക്കും പിടികൂടിയതായി പോലീസ് അറിയിച്ചു.
ഇണ്ടബെട്ടുവിൽ നിന്നും നവൂരിൽ നിന്നും കന്നുകാലികളെ ഹാസനിൽ വിൽക്കാൻ വാങ്ങിയതായി പ്രതികളിലൊരാൾ പോലീസിനോട് പറഞ്ഞു. കർണാടക കശാപ്പ് നിരോധന നിയമത്തിലെ 8, 9, 11 വകുപ്പുകൾ, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 ഡി, ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് നിയമത്തിലെ 66, 192 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.