ചെന്നൈ: അന്തരിച്ച പ്രശസ്ത നടി സിൽക് സ്മിതയുടെ വ്യക്തിജീവിതവും മരണവും സംബന്ധിച്ച ദുരൂഹതകൾ സിനിമാ ലോകത്ത് വീണ്ടും ചർച്ചയാകുന്നു. നടിമാരായ കുട്ടി പത്മിനിയും അനുരാധയും മുൻപ് സിൽക് സ്മിതയെക്കുറിച്ച് പങ്കുവെച്ച ഓർമ്മകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പ്രശസ്ത നടൻ കാർത്തിക്കുമായി സിൽക് സ്മിത പ്രണയത്തിലായിരുന്നുവെന്നും, എന്നാൽ അത് വലിയ നിരാശയിലാണ് അവസാനിച്ചതെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. പ്രസാദ് സ്റ്റുഡിയോയിലെ തിയറ്ററിൽ ഒരു സിനിമാ പ്രിവ്യൂവിനു ശേഷം ഇരുവർക്കുമിടയിൽ കടുത്ത തർക്കമുണ്ടായെന്നും, കരഞ്ഞു ചുവന്ന കണ്ണുകളോടെയാണ് സിൽക് സ്മിത അന്ന് പുറത്തുവന്നതെന്നും കുട്ടി പത്മിനി ഓർക്കുന്നു. തുടർച്ചയായി കരഞ്ഞ് കണ്ണ് വീങ്ങിയതിനെ തുടർന്ന് ഒരു ദിവസത്തെ ഷൂട്ടിംഗ് പോലും റദ്ദാക്കേണ്ടി വന്നിരുന്നു. എത്ര പണമുണ്ടായിട്ടും കാര്യമില്ലെന്നും ജീവിതം താങ്ങാൻ കഴിയാത്തത്ര സങ്കടകരമാണെന്നും അന്ന് സ്മിത പറഞ്ഞതായി കുട്ടി പത്മിനി വ്യക്തമാക്കി.
1996-ൽ സിൽക് സ്മിത ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം രാത്രി തന്നെ ഫോണിൽ വിളിച്ചിരുന്നതായി നടി അനുരാധയും വെളിപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്നും വീട്ടിലേക്ക് വരാമോ എന്നും ചോദിച്ചാണ് സ്മിത വിളിച്ചത്. എന്നാൽ അന്ന് രാത്രി പോകാൻ കഴിയാതിരുന്ന അനുരാധ രാവിലെ വരാമെന്ന് ഏൽക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ കേട്ടത് നടിയുടെ മരണവാർത്തയാണെന്നും, അന്ന് സ്മിതയ്ക്ക് തന്നോട് എന്താണ് പറയാനുണ്ടായിരുന്നത് എന്ന് അറിയാൻ കഴിയാത്തതിൽ ഇന്നും വലിയ വിഷമമുണ്ടെന്നും അനുരാധ പറഞ്ഞു.
ആന്ധ്രപ്രദേശിൽ ജനിച്ച സിൽക് സ്മിത വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയാകുകയും, പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് സിനിമയിലെത്തുകയുമായിരുന്നു. സിനിമാ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സഹായിയായി കരിയർ ആരംഭിച്ച് പിന്നീട് ഇന്ത്യൻ സിനിമയെത്തന്നെ തരംഗത്തിലാക്കിയ നടിയായി മാറുകയായിരുന്നു അവർ. എന്നാൽ സ്വന്തം കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ സിൽക് സ്മിത സിനിമാ രംഗത്തുള്ള ആരോടും പങ്കുവെച്ചിരുന്നില്ല. അവസാന നാളുകളിൽ കടുത്ത വിഷാദത്തിലായിരുന്ന സ്മിതയുടെ മരണത്തിലെ കാരണം ഇന്നും വ്യക്തതയില്ലാതെ തുടരുകയാണ്.
