ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെയും കുടുംബവഴക്കിനെയും തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ബീഹാർ സ്വദേശിയായ യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബിലെക്കഹള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത് കുമാർ ഗുപ്ത (40) ആണ് ഭാര്യ ഗുഞ്ച മദ്ദേഷ്യയെ (38) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനും മൃതദേഹം തിരിച്ചറിയാതിരിക്കാനുമായി ഇയാൾ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിക്കുകയും ചെയ്തു.
സെപ്റ്റംബർ 16-ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദമ്പതികൾ തമ്മിൽ കഴിഞ്ഞ മൂന്ന് മാസമായി നിസ്സാര കാര്യങ്ങളെ ചൊല്ലി നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം രാവിലെ 9.30-ഓടെ ജോലിക്ക് ഇറങ്ങിയ രഞ്ജിത് കുട്ടികൾ സ്കൂളിൽ പോയതിന് പിന്നാലെ തിരികെ വീട്ടിലെത്തുകയും ഭാര്യയുമായി വീണ്ടും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തുടർന്ന് ഗുഞ്ചയെ നിലത്തു തള്ളിയിട്ട് ദുപ്പട്ട ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തിരികെ ജോലിക്ക് പോയ ഇയാൾ ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും വീട്ടിലെത്തി പാചക എണ്ണ ചൂടാക്കി ഗുഞ്ചയുടെ മുഖത്തൊഴിച്ചു. മൃതദേഹം വിരൂപമാക്കാനായിരുന്നു ശ്രമമെങ്കിലും മുഖം പൂർണ്ണമായി പൊള്ളിയിരുന്നില്ല. തുടർന്ന് വീടുപൂട്ടി പുറത്തുപോയ ഇയാൾ വൈകുന്നേരം തിരികെയെത്തി ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് വരുത്തിതീർക്കാൻ അയൽക്കാരെ വിവരമറിയിച്ച് അഭിനയിക്കുകയായിരുന്നു.
രാത്രി എട്ട് മണിയോടെ വിവരമറിഞ്ഞ വീട്ടുഉടമയാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ഇൻസ്പെക്ടർ നടരാജ് ഡി.എന്നിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് രഞ്ജിതിന്റെ മൊഴികളിലും പെരുമാറ്റത്തിലും സംശയം തോന്നി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. 18 മാസം മുൻപാണ് ഇയാൾ കുടുംബത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. അടുത്തിടെയായി ഭാര്യ ഫോൺ വിളികൾ എടുക്കാതിരുന്നത് തർക്കങ്ങൾക്ക് കാരണമായതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ദമ്പതികളുടെ മക്കളെ ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]