കൊച്ചി: ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ റെക്കോർഡുകൾ കുറിച്ച ചിത്രങ്ങൾ മുതൽ സൂപ്പർ താരങ്ങൾ അണിനിരന്ന മാസ് ആക്ഷൻ ബിഗ് ബജറ്റ് സിനിമകൾ വരെ ഈ മാസം ഒടിടി സ്ട്രീമിംഗിനായി എത്തുന്നു. ജിയോ ഹോട്ട്സ്റ്റാർ, സീ5 (ZEE5) തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സെപ്റ്റംബറിൽ പ്രേക്ഷകരിലേക്ക് എത്തുന്ന പ്രധാന ചിത്രങ്ങളുടെ വിവരങ്ങൾ അറിയാം
ബെത്‌ലഹേം കുടുംബ യൂണിറ്റ്
മലയാള സിനിമാ ചരിത്രത്തിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ നിവിൻ പോളി – ഗിരീഷ് എ.ഡി – മമിത ബൈജു കൂട്ടുകെട്ടിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. 312.50 കോടി രൂപയോളം നേട്ടമുണ്ടാക്കിയ ചിത്രം മലയാളത്തിൽ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമയെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. തിയേറ്ററുകളിൽ വൻ വിജയം തുടർന്ന് മുന്നേറുന്ന ചിത്രത്തിന്റെ ഹോട്ട്സ്റ്റാറിൽ സെപ്റ്റംബർ അവസാനം ഒടിടി റിലീസ് ചെയ്യുമെന്നും ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.
ഖലീഫ
ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിന്റെ ‘ഖലീഫ’ ഒടിടി സ്ട്രീമിംഗിനായി ഒരുങ്ങുന്നു. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ജിയോ ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ അവസാനവാരത്തോടെ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ സ്ട്രീമിംഗ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ടോക്സിക്
യഷ്–ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ ഈ മാസം ഒടിടിയിലെത്തും.നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. രാജീവ് രവിയുടെ ഛായാഗ്രഹണവും രവി ബസ്രൂറിന്റെ സംഗീതവും ‘ജോൺ വിക്ക്’ ഫെയിം ജെ.ജെ. പെറി, അൻപറിവ് എന്നിവരൊരുക്കിയ ആക്ഷൻ രംഗങ്ങളും ഉൾപ്പെടെ വമ്പൻ സാങ്കേതിക തികവ് പുലർത്തിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 (ZEE5) ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സെപ്റ്റംബർ 25 മുതൽ ചിത്രം സീ5-ൽ സ്ട്രീമിങ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ബാന്ദ്ര
ദിലീപും തമന്നയും പ്രധാന വേഷങ്ങളിൽ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘ബാന്ദ്ര’ മൂന്നു വർഷങ്ങൾക്ക് ശേഷം ഒടിടിയിലേക്ക് എത്തുന്നു. ‘രാമലീല’യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും വേഷമിട്ടിട്ടുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സീ5 (ZEE5) ആണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ അവസാനവാരത്തോടെ ചിത്രം സീ5ൽ എത്തുമെന്നാണ് വിവരങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]