യുവതിയുടെ ട്രെയിൻ തട്ടി മരണം: സ്നേഹപ്രകടനത്തിനിടെ ട്രാക്കിലേക്ക് വീണ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്കിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും നേപ്പാളി വംശജനായ സുഹൃത്തും കൊല്ലപ്പെട്ട സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് സൂചന നൽകി പോലീസ് റിപ്പോർട്ട്. അപകടത്തിന് തൊട്ടുമുൻപ് ട്രാക്കിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ വംശജയായ മലൈക ചിത്ര (24) കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മലൈകയുടെ സുഹൃത്തും നേപ്പാൾ വംശജനുമായ നവം കൗളും (24) മരണപ്പെട്ടിരുന്നു. ന്യൂയോർക്കിലെ ലോവർ മൻഹാറ്റൻ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെ 3.15 ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

പ്ലാറ്റ്‌ഫോമിൽ വച്ച് പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായ തെളിവുകളും ഉദ്ധരിച്ച് ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ട്രാക്കിൽ വീണ നവം കൗളിനെ രക്ഷിക്കാനായി മലൈക ട്രാക്കിലേക്ക് ഇറങ്ങുകയും ഈ സമയം അതേ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇരുവരെയും ഇടിക്കുകയുമായിരുന്നു. രണ്ടുപേർ ട്രാക്കിൽ ഇരിക്കുന്നത് കണ്ട് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ലെന്ന് ട്രെയിൻ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് ഇരുവരുടെയും മരണത്തിന് കാരണമായത്.

അപകടസമയത്ത് ഇരുവരും മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ആത്മഹത്യാ സാധ്യതയും പോലീസ് തള്ളിക്കളഞ്ഞു. സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മലൈക ചിത്ര. നവം കൗൾ ഡേറ്റ അനലിസ്റ്റായും ജോലി ചെയ്യുകയായിരുന്നു. 2024-ൽ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളാണ് ഇരുവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts