നന്ദി ഹിൽസിലെ റിസോർട്ടിൽ ദുരൂഹത; യുവ ഫിസിയോതെറാപ്പിസ്റ്റ് മരിച്ച നിലയിൽ, ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയിൽ

ബെംഗളൂരു: നന്ദി ഹിൽസിന് സമീപമുള്ള റിസോർട്ടിൽ യുവ ഫിസിയോതെറാപ്പിസ്റ്റിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ബനശങ്കരി സ്വദേശിയും മുദ്ദേനഹള്ളിയിലെ സത്യസായി ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റുമായ സായി സുരഭിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാമുകനും കോഴിക്കോട് സ്വദേശിയുമായ എഞ്ചിനീയറിംഗ് ബിരുദധാരി സഞ്ജീത് അലിയെ മുറിക്കുള്ളിൽ അബോധാവസ്ഥയിലും കണ്ടെത്തി. സുരഭിയെ കൊലപ്പെടുത്തിയ ശേഷം സഞ്ജീത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മുദ്ദേനഹള്ളിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ ശനിയാഴ്ചയാണ് ബംഗളൂരുവിൽ കാബ് ഡ്രൈവറായി ജോലി ചെയ്യുന്ന സഞ്ജീത് അലി മുറിയെടുത്തത്. എന്നാൽ സായി സുരഭി എപ്പോഴാണ് ഇയാൾക്കൊപ്പം ചേർന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കളാഴ്ച രാവിലെയായിട്ടും മുറി ഒഴിയാതിരുന്നതിനെ തുടർന്ന് റിസോർട്ട് ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫോണിൽ വിളിച്ചിട്ടും വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇതിനടുത്തായി അബോധാവസ്ഥയിൽ കിടന്നിരുന്ന സഞ്ജീത് അലിയെ പോലീസ് ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുറിയിൽ നിന്ന് ഗുളികകളും ഡയറിക്കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അമിത അളവിൽ ഗുളിക കഴിച്ച് സഞ്ജീത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് കരുതുന്നത്. ചിക്കബല്ലാപ്പൂർ എസ്.പി കുശാൽ ചോക്‌സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

അതേസമയം, ഇതൊരു ‘ലൗ ജിഹാദ്’ കൊലപാതകമാണെന്ന് സുരഭിയുടെ മാതാവ് ഗീതയും അമ്മാവൻ ശങ്കരനാരായണനും ആരോപിച്ചു. പത്ത് ദിവസം മുൻപാണ് സുരഭി സത്യസായി ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായി ചേർന്നത്. യാത്ര എളുപ്പമാക്കാൻ ചിക്കബല്ലാപ്പൂരിൽ വാടകയ്ക്കടുത്ത വീട്ടിലായിരുന്നു സുരഭിയും അമ്മയും താമസിച്ചിരുന്നത്. ശനിയാഴ്ച ആശുപത്രിയിൽ പ്രത്യേക പ്രാർത്ഥനയുള്ളതിനാൽ അവിടെ തങ്ങുമെന്നാണ് സുരഭി വീട്ടിൽ പറഞ്ഞിരുന്നത്. സഞ്ജീത് മുൻപും സുരഭിയെ നിരന്തരം ഉപദ്രവിക്കുകയും ലഹരിവസ്തുക്കൾ നൽകി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മാതാവ് ആരോപിക്കുന്നു. ഇതിനെ തുടർന്ന് സുരഭിയെ മുൻപ് ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ഭേദമാക്കിയിരുന്നെങ്കിലും ഇയാൾ വീണ്ടും പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയായിരുന്നു. മുൻപ് ദയാനന്ദ സാഗർ കോളേജിൽ പഠിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നുവെങ്കിലും ഇയാൾ സുരഭിയെ ശല്യം ചെയ്യുന്നത് തുടർന്നിരുന്നുവെന്ന് അമ്മാവൻ ശങ്കരനാരായണൻ പറഞ്ഞു.

സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം ഇരുവരും ഒന്നിച്ച് കണ്ണൂരിലേക്ക് ഒളിച്ചോടിയിരുന്നുവെന്നും പിന്നീട് സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് പോലീസിന് മൊഴി നൽകി മടങ്ങിയെത്തിയതാണെന്നും എസ്.പി കുശാൽ ചോക്‌സി വ്യക്തമാക്കി. നിലവിൽ അബോധാവസ്ഥയിലുള്ള സഞ്ജീത് അലി ബോധം വീണ്ടെടുത്ത ശേഷം മാത്രമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts