സംസ്ഥാനത്ത്വ് വ്യപക നാശനഷ്ടം വിതച്ച് കനത്ത മഴയും കാറ്റും; പവർ ഗ്രിഡുകൾ തകർന്നു, മരങ്ങൾ കടപുഴകി വീണു

ബെംഗളൂരു: കർണാടകയിലെ ഹാവേരി, തീരദേശ ജില്ലകൾ, തെക്കൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം മുതൽ പെയ്ത കനത്ത മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. നൂറുകണക്കിന് മരങ്ങൾ കടപുഴകി വീഴുകയും പവർ ഗ്രിഡുകൾ ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഹാവേരി ജില്ലാ കേന്ദ്രം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയാണ് മഴ പെയ്തത്. മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും പൂർണ്ണമായും വെള്ളത്തിനടിയിലായി. പഴയ പിബി റോഡിൽ അരുവി പോലെയാണ് വെള്ളം കുത്തിയൊലിച്ചൊഴുകിയത്.

ഹൊസരിട്ടി ഗ്രാമത്തിലെ പ്രതിവാര ചന്തയെ മഴ പൂർണ്ണമായും ബാധിച്ചു. ഷിഗ്ഗോൺ, സവനൂർ താലൂക്കുകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിൽ ഷിഡ്‌ലാപൂർ സർക്കാർ ലോവർ പ്രൈമറി സ്കൂളിന്റെ ടിൻ മേൽക്കൂര പറന്നുപോയി. കരടഗി ഗ്രാമത്തിൽ നിരവധി വീടുകളുടെ മേൽക്കൂരകളും കാറ്റിൽ തകർന്നു. റാണെബെന്നൂർ, ഹംഗൽ, ബ്യാദ്ഗി താലൂക്കുകളിലും ശക്തമായ ഇടിമിന്നലുണ്ടായി. കൊപ്പൽ താലൂക്കിലെ വിവിധയിടങ്ങളിൽ ഏക്കർകണക്കിന് സ്ഥലത്തെ വാഴക്കൃഷി പൂർണ്ണമായും നശിച്ചു. അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന താപനിലയിൽ വെന്തുരുകിയ ജനങ്ങൾക്ക് ഈ സായാഹ്ന മഴ വലിയൊരു ആശ്വാസമായി മാറി.

പഴയ മൈസൂരു മേഖലയിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. മൈസൂരു, ചാമരാജനഗർ, ഹാസൻ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി വൈകി കനത്ത കാറ്റും മഴയുമുണ്ടായി. മൈസൂരു താലൂക്കിലെ ദൂരയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ (51 മില്ലിമീറ്റർ) രേഖപ്പെടുത്തിയത്. മൈസൂരു നഗരത്തിലടക്കം പലയിടങ്ങളിലും മരങ്ങൾ വീഴുകയും വൈദ്യുത പോസ്റ്റുകൾ ഒടിയുകയും ചെയ്തു. ചിക്കമഗളൂരു-മുഡിഗെരെ റോഡിൽ കേലഗൂരിന് സമീപം കൂറ്റൻ മരം കടപുഴകി വീണതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി മുഡിഗെരെ, ധർമ്മസ്ഥല, ഉജിരെ, മംഗളൂരു ഭാഗങ്ങളിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലായി. മലയോര മേഖലകളിൽ വൈദ്യുത പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് നിരവധി ഗ്രാമങ്ങൾ ഇരുട്ടിലായി.

ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ താലൂക്കിലുള്ള കക്കപ്പടവിലെ പ്രസിദ്ധമായ ഇളിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലിൽ വൻ നാശനഷ്ടമുണ്ടായി. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. മിന്നലിന്റെ ആഘാതത്തിൽ ക്ഷേത്രത്തിലെ കരിങ്കൽ പാളികൾ തകർന്നു വീണു. നാല് വർഷം മുമ്പ് 3.5 കോടി രൂപ ചെലവിൽ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയ ക്ഷേത്രത്തിലാണ് ഈ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ദക്ഷിണ കന്നഡയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകുന്നേരവും ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts