വിവാഹച്ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന്, ആരോഗ്യവിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഏതാ ജില്ലയിലെ സകിത് മേഖലയിൽ ഞായറാഴ്ച രാത്രിയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് ലഭിക്കാതെ വിവാഹം കഴിക്കില്ലെന്ന് വധുവും കുടുംബവും ഉറച്ച നിലപാടെടുത്തതോടെ വിവാഹസംഘത്തിന് മടങ്ങേണ്ടി വന്നു.
കോട്‌വാലി ദേഹത് മേഖലയിലെ കഠോലി ഗ്രാമത്തിൽ നിന്നുള്ള യുവാവും നഗ്ല ഫൂലെ ഗ്രാമവാസിയായ വിജയ സിംഗിന്റെ മകളും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം സകിതിലെ ഗസ്റ്റ് ഹൗസിൽ വെച്ച് ചടങ്ങുകൾ പുരോഗമിക്കവെയാണ് സംഭവം. വിവാഹവേദിയിൽ ഇരിക്കുകയായിരുന്ന വരൻ പെട്ടെന്ന് ബാലൻസ് തെറ്റി കസേരയിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന അതിഥികൾക്കിടയിൽ പരിഭ്രാന്തി പരത്തി. ഉടൻ തന്നെ ബന്ധുക്കൾ ഇദ്ദേഹത്തിന് വെള്ളവും പ്രാഥമിക ശുശ്രൂഷയും നൽകി.
വരന്റെ കുടുംബം ഇത് വെറും പരിഭ്രമം (Nervousness) മൂലമുണ്ടായ അസ്വസ്ഥതയാണെന്ന് ന്യായീകരിച്ചെങ്കിലും വധുവിന്റെ വീട്ടുകാർ ഇത് വിശ്വാസത്തിലെടുത്തില്ല. വരന് നേരത്തെ തന്നെയുണ്ടായിരുന്ന അസുഖം വിവാഹാലോചന വേളയിൽ മറച്ചുവെച്ചതാണെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ തർക്കം രൂക്ഷമാവുകയും ചെയ്തു. നാട്ടുകാരും മുതിർന്നവരും ഇടപെട്ട് മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും വരന്റെ കൃത്യമായ ഹെൽത്ത് റിപ്പോർട്ട് ഹാജരാക്കാതെ വിവാഹം നടത്തില്ലെന്ന നിലപാടിൽ വധു ഉറച്ചുനിന്നു.
തർക്കം രൂക്ഷമായതിനെത്തുടർന്ന് പൊലീസും സ്ഥലത്തെത്തി. രൂക്ഷമായ വാക്കേറ്റമുണ്ടായതിനെത്തുടർന്ന് വധുവിന്റെ ഭാഗത്തുനിന്നുള്ള രണ്ട് പേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കും ഒത്തുതീർപ്പ് ശ്രമങ്ങൾക്കും ഒടുവിലും വധുവും കുടുംബവും വഴങ്ങാത്തതിനെ തുടർന്ന് വിവാഹസംഘം വധുവില്ലാതെ മടങ്ങി. സംഭവത്തിൽ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വിദേശ് രാതി അറിയിച്ചു.
