ആദ്യം സുരക്ഷ; ഭാര്യയുടെ കൈകൊണ്ട് മരിക്കാൻ ആഗ്രഹിക്കുന്നില്ല, കാമുകനുമായി വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്

കാൺപൂർ: 8 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്.

ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളിയായ ബബ്ലു തന്റെ ജീവൻ അപകടത്തിലാകാതിരിക്കാനാണ് ഈ കടുത്ത തീരുമാനമെടുത്തത്.

അടുത്തിടെ മീററ്റിൽ കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ച സംഭവമാണ് ബബ്ലുവിനെ ഭയപ്പെടുത്തിയത്.

2017 ലായിരുന്നു ബബ്ലു ഗോരഖ്പൂർ ജില്ലയിൽ നിന്നുള്ള രാധികയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഭാര്യ ഒന്നരവർഷത്തോളമായി പ്രണയത്തിലാണെന്ന് കണ്ടെത്തി.

ആരുമറിയാതെ നാട്ടിലെത്തി അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു . സംശയം സത്യമെന്ന് തിരിച്ചറിഞ്ഞ ബബ്ലു ഭാര്യയെ ശകാരിക്കുകയോ അവളോട് തർക്കിക്കുകയോ ചെയ്തില്ല.

പകരം ഗ്രാമത്തിലെ മുതിർന്നവരെ ഈ ബന്ധത്തെക്കുറിച്ച് അറിയിക്കുകയും ഭാര്യയെ കാമുകനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു

ഒരു ശിവക്ഷേത്രത്തിൽ വെച്ച് ഹിന്ദു ആചാരപ്രകാരം ബബ്ലു രാധികയെ വികാസുമായി വിവാഹം കഴിപ്പിച്ചു. നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി.

വിശാല മനസ്കനായ ബബ്ലു ഭാര്യയെ കാമുകന് വിട്ടുകൊടുക്കുക മാത്രമല്ല തന്റെ രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാനും അവരെ ഒറ്റയ്‌ക്ക് വളർത്താനും തീരുമാനിച്ചു.

എന്തുകൊണ്ടാണ് അസാധാരണമായ ഈ നടപടി സ്വീകരിച്ചതെന്ന് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ ബബ്ലുവിന്റെ മറുപടി ഇങ്ങനെയായിരുന്നു:

“എനിക്ക് സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഞാൻ അവരെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. സമീപ ദിവസങ്ങളിൽ ഭർത്താക്കന്മാർ ഭാര്യമാരാൽ കൊല്ലപ്പെടുന്നത് നമ്മൾ കണ്ടു…

മീററ്റിൽ സംഭവിച്ചത് കണ്ടതിനുശേഷം, നമുക്ക് രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്നതിനായി എന്റെ ഭാര്യയെ അവളുടെ കാമുകനുമായി വിവാഹം കഴിപ്പിക്കാൻ ഞാൻ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us