കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പാണ് ശബരിമല സന്ദര്‍ശനത്തിനിടെ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് കഴിച്ചത്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരില്‍ ഉഷ പൂജയായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. വഴിപാടിന്റെ രസീറ്റ് ഉള്‍പ്പെടെ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.
നടന്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതില്‍ വിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല പറയുന്നത്.
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഒ അബ്ദുല്ലയുടെ വിമര്‍ശനം. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. മമ്മൂട്ടി പറഞ്ഞാണ് മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം.
മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. വിഷയത്തില്‍ മമ്മൂട്ടി വിശദീകണം നല്‍കണം. മുസ്ലീംമത പണ്ഡിതര്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നും ഒ അബ്ദുല്ല വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഏക ദൈവ വിശ്വാസികള്‍ തങ്ങളുടെ പ്രാര്‍ത്ഥന ദൈവത്തിന് മുന്നില്‍ മാത്രം സമര്‍പ്പിക്കുന്നതാണ് ശരിയെന്ന് ഒ അബ്ദുല്ല സമകാലിക മലയാളം ഓണ്‍ലൈനിനോട് പ്രതികരിച്ചു. ദൈവത്തിന് മുന്നില്‍ മനുഷ്യന്‍ വളരെ ചെറുതാണ്. മനുഷ്യന് രോഗം സുഖപ്പെടുത്താനുള്ള കഴിവില്ല. ഏക ദൈവ വിശ്വാസികളില്‍ ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കുക എന്നത് മാത്രമാണ് ശരി. മറ്റുള്ള രീതികള്‍ ഇസ്ലാമിക വിരുദ്ധമാണ്. അതിനെ ശിര്‍ക്ക് എന്ന് പറയും.
മോഹന്‍ലാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത് എങ്കില്‍ അത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. അതില്‍ തെറ്റ് കാണുന്നില്ല. മമ്മൂട്ടി പറഞ്ഞ് ചെയ്യിച്ചതോ അദ്ദേഹത്തിന്റെ ആളുകള്‍ ചെയ്തതോ ആണെങ്കിലും അത് ഇസ്ലാമികമായി തെറ്റാണ്. മുസ്ലീങ്ങളിലെ ഒരു വിഭാഗം ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകളില്‍ വിശ്വസിക്കുന്നവരുണ്ട്. ഒ അബ്ദുല്ല പറയുന്നു. താന്‍ പറയുന്നത് ഇസ്ലാമിക വിശ്വാസം അനുസരിച്ച് മാത്രമാണെന്നും ഒ അബ്ദുള്ള പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.