തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് പ്രസ്താവന നടത്തുക.
സംസ്ഥാന ബിജെപി ഭാരവാഹികളെയും നേതൃയോഗത്തില്‍ തീരുമാനിച്ചേക്കും. സംസ്ഥാന ഭാരവാഹിത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്.
അഞ്ചു വര്‍ഷം ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്.
ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിന്റെ പേര് കേന്ദ്രനേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം കോര്‍ കമ്മിറ്റി അംഗീകരിച്ചതിന് പിന്നാലെ, രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ രണ്ട് സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും ചടങ്ങില്‍ പങ്കെടുത്തു.
ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റായി തീരുമാനിച്ചത് ഏകകണ്ഠമായിട്ടാണെന്നും, അദ്ദേഹത്തിന് പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനാകുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി കേരളത്തില്‍ മികച്ച വിജയം നേടുമെന്ന് എം ടി രമേശ് അഭിപ്രായപ്പെട്ടു.